കുവൈത്തിൽ എ.ഇ.സി.കെ-യുടെ ‘ആരവം 2026’ ഓണാഘോഷം
കുവൈത്ത് സിറ്റി: കേരളത്തിലെ എൻജിനീയറിങ് കോളജുകളുടെ പൂർവവിദ്യാർഥികളുടെ സംഘടനയായ *അലുമ്നി അസോസിയേഷൻ ഓഫ് എൻജിനീയറിങ് കോളജസ് ഇൻ കേരള (എഇസികെ)*യുടെ നേതൃത്വത്തിൽ ‘ആരവം 2026’ എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ഒക്ടോബർ 2 വെള്ളിയാഴ്ച ഖൈത്താൻ രാജധാനി ഹാളിൽ നടന്ന പരിപാടിയിൽ എഇസികെ അംഗങ്ങളും കുടുംബാംഗങ്ങളും ഒത്തുചേർന്ന് കേരളീയ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും നിറവിൽ ഓണാഘോഷം നടത്തി.
കേരളീയ ഓണാഘോഷത്തിന്റെ പാരമ്പര്യ തനിമ നിലനിർത്തിക്കൊണ്ടായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. വർണാഭമായ കലാപരിപാടികൾ, സംഗീതം, നൃത്തം, സ്കിറ്റ്, കുട്ടികളുടെ വിവിധ പരിപാടികൾ തുടങ്ങിയവ ആഘോഷത്തിന് മിഴിവേകി. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ വിവിധ തലമുറകളെ ഒരുമിപ്പിക്കുന്ന കൂട്ടായ്മയുടെ വേദിയായി ‘ആരവം 2026’ മാറി.
കുവൈത്ത് എൻജിനീയേഴ്സ് ഫോറം (കെഇഎഫ്) ജിസി ഗംഗ പ്രസാദ്, ജിസിഡി ബിജുമോൻ കെ. ആർ., എക്സ്-ഓഫീഷ്യോ ഹനാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
എഇസികെ ആർട്സ് സെക്രട്ടറി ഫനീലയുടെ നേതൃത്വത്തിലും ജോയിന്റ് ആർട്സ് സെക്രട്ടറി റിതു ഫ്രെഡിയുടെ സഹകരണത്തിലും വിവിധ കലാപരിപാടികൾ ഏകോപിപ്പിച്ചു.
എഇസികെ പ്രസിഡന്റ് ബിപിൻ ബ്രഹ്മവ്രതൻ, വൈസ് പ്രസിഡന്റ് ഷാനി ഷെരീഫ്, ജനറൽ സെക്രട്ടറി വിഷ്ണു ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ആഘോഷത്തിന് നേതൃത്വം നൽകിയത്.