Dark Mode

സിനിമയും സംഗീതവും സംഗമിച്ച KFE ROOTS മെഗാ പ്രോഗ്രാം

സിനിമയും സംഗീതവും സംഗമിച്ച KFE ROOTS മെഗാ പ്രോഗ്രാം

കുവൈത്ത്: സിനിമയും സംഗീതവും കലയും സംഗമിച്ച കുവൈത്ത് ഫിലിം എന്‍ത്യൂസിയസ്റ്റ്‌സ് (KFE) സംഘടിപ്പിച്ച 'ROOTS' മെഗാ പ്രോഗ്രാം ഒക്ടോബര്‍ 2ന് അഹ്മദി DPS സ്‌കൂളില്‍ വിപുലമായി നടന്നു.

KFE പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ KFE ചെയര്‍മാന്‍ ജിനു വൈക്കത്ത് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജിജുന ഉണ്ണി സ്വാഗതം ആശംസിച്ചു. ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍, ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, അഭിനേത്രി ജീജ സുരേന്ദ്രന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ അഖില അന്വി, ട്രഷറര്‍ ശരത് നായര്‍, കോര്‍ കമ്മിറ്റി അംഗങ്ങളായ ജോജിന്‍, ജീജോ, ലിബിന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. വൈസ് പ്രസിഡന്റ് ബിപിന്‍ തോമസ് നന്ദി രേഖപ്പെടുത്തി.

ROOTSന്റെ ഭാഗമായി സംഘടിപ്പിച്ച ആല്‍ബം ഫെസ്റ്റിവല്‍ ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംവിധായകന്‍ രാജസേനന് KFEയുടെ Ramu Karyat Award 2026 KFE ചെയര്‍മാന്‍ ജിനു വൈക്കത്ത് സമ്മാനിച്ചു. കലാരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന KFE സമഗ്ര സംഭാവന അവാര്‍ഡ് 2026 സംവിധായകന്‍ സാബു സൂര്യചിത്രയ്ക്ക് KFE പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് കൃഷ്ണകുമാര്‍ സമ്മാനിച്ചു.

പ്രവാസലോകത്ത് കലാ-സാംസ്‌കാരിക രംഗത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും KFE സിനിമാ മേഖലയില്‍ നടത്തി വരുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംവിധായകന്‍ രാജസേനന്‍ ചടങ്ങില്‍ സംസാരിച്ചു. പ്രവാസി കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും സിനിമയോടും കലകളോടുമുള്ള താല്‍പര്യം വളര്‍ത്തുന്നതിനും ഇത്തരം വേദികള്‍ സഹായകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ROOTS മെഗാ പ്രോഗ്രാമിന്റെ പ്രധാന ആകര്‍ഷണമായ അന്തോളജി യില്‍ അഞ്ച് സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. കൂടാതെ ഏകദേശം 15 ആല്‍ബങ്ങളും പ്രദര്‍ശിപ്പിച്ചു. മനോഹരമായ ഡാന്‍സ് ഡ്രാമയും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

ആല്‍ബം ഫെസ്റ്റിവലില്‍ തണല്‍ മികച്ച ആല്‍ബമായി തിരഞ്ഞെടുക്കപ്പെട്ടു. സിനിമ, സംഗീതം, നൃത്തം, കല തുടങ്ങിയ വിവിധ മേഖലകളെ ഒരേ വേദിയില്‍ അണിനിരത്തിയ ROOTS, കുവൈത്തിലെ പ്രവാസി കലാസാംസ്‌കാരിക കൂട്ടായ്മയ്ക്ക് ശ്രദ്ധേയമായ വേദിയായി മാറി