'മെസി'യുടെ പേരിലെ തട്ടിപ്പ് ; മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും കുരുക്കില്‍
തിരുവനന്തപുരം: ലോക ഇതിഹാസ താരം മെസിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പില്‍ മുന്‍ കായികമന്ത്രി വി.അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.സത്യപാലനും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു.ഷറഫലിയും വീഴ്ച വരുത്തിയതായി എസ്‌ഐടി കണ്ടെത്തി.
എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈകാര്യങ്ങളുള്ളത്. മുന്‍ മന്ത്രിക്കൊപ്പം സത്യപാലനും ഷറഫലിക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് അന്വേഷണസംഘത്തിന്റെ ശിപാര്‍ശ. അര്‍ജന്റീന വിഷയത്തില്‍ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അനുകൂലമായി സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് സത്യപാലനെതിരായ പ്രധാന കണ്ടെത്തല്‍.
വകുപ്പ് സെക്രട്ടറിയുടെ അറിവില്ലാതെ ഫയല്‍ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും കത്തുകളിലൂടെ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചതും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിന് മുമ്പ് സ്‌പോണ്‍സറുമായും അര്‍ജന്റീനഫുട്‌ബോള്‍ അസോസിയേഷനുമായും ഒപ്പിട്ട കരാറില്‍ സാക്ഷിയായി യു. ഷറഫലി പങ്കെടുത്തതും അന്വേഷണസംഘം പരിശോധിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍.