മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വിമർശനത്തിൽ പിന്നോട്ടില്ല; നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ്
പത്തനംതിട്ട: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചതിനെക്കുറിച്ച് എഐസിസി അന്വേഷിക്കുമെന്ന് സൂചന. പാർട്ടിയുടെയും സർക്കാരിന്റെയും ഏകോപനമില്ലായ്മ നേരത്തെ തന്നെ ഹൈക്കമാഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം. അതേസമയം, തന്റെ പരാതി എഐസിസിയെ അറിയിക്കുമെന്ന് അടൂർ പ്രകാശ് നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് പറഞ്ഞു. യുഡിഎഫ് കൺവീനർ ആയതിൽ പിന്നെ പലതവണ താൻ അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ നടത്തിയ പരസ്യ വിമർശനത്തിൽ ഉറച്ചുനിൽക്കുകയാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സ്വന്തം നിലയിലാണ് വിമർശനം ഉന്നയിച്ചതെന്നും അതിന് ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ അഭിപ്രായത്തിൽ മാറ്റമില്ലെന്നും അതേസമയം, മുസ്‌ലിം ലീഗിന് ഭരണപരിഷ്‌കരണ കമ്മിഷൻ സ്ഥാനം നൽകിയതിൽ എതിർപ്പില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. ഇതിനിടെ, അടൂർ പ്രകാശിന്റെ നിലപാടിൽ ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. ബോർഡ് ചെയർമാൻ സ്ഥാനങ്ങളിലെ തീരുമാനം വൈകുന്നതിൽ പി.ജെ. ജോസഫും എതിർപ്പ് അറിയിച്ചിട്ടുണ്ട്.
ഭരണപരിഷ്‌കരണ കമ്മിഷൻ അധ്യക്ഷനെയും സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയെയും നിയമിച്ചതടക്കമുള്ള തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന അടൂർ പ്രകാശിന്റെ വെളിപ്പെടുത്തലാണ് യുഡിഎഫിൽ പുതിയ വിവാദത്തിന് വഴിവെച്ചത്. തന്നെ യുഡിഎഫ് കൺവീനറായി നിയമിച്ചത് എഐസിസി നേതൃത്വമാണെന്നും തന്റെ അതൃപ്തി രേഖാമൂലം നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അടൂർ പ്രകാശ് കത്ത് നൽകിയാൽ വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന വിഭാഗവും ബദൽ കത്ത് നൽകാനുള്ള ആലോചനയിലാണ്. ഇതോടെ യുഡിഎഫിലെ ആഭ്യന്തര ഭിന്നത കൂടുതൽ ചർച്ചയാകുകയാണ്.