Dark Mode

കെ.ഡി.എന്‍.എയു​​ടെ നേതൃത്വത്തിൽ സൂര്യ കൃഷ്ണമൂര്‍ത്തി അനുസ്മരണം 'ഓര്‍മ്മകളിലെ സൂര്യപ്രഭ' ഇന്ന്

കെ.ഡി.എന്‍.എയു​​ടെ നേതൃത്വത്തിൽ സൂര്യ കൃഷ്ണമൂര്‍ത്തി അനുസ്മരണം 'ഓര്‍മ്മകളിലെ സൂര്യപ്രഭ' ഇന്ന്

കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എന്‍.ആര്‍.ഐ അസോസിയേഷന്‍ (കെ.ഡി.എന്‍.എ), കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത നാടകപ്രവര്‍ത്തകനും സാംസ്‌കാരിക പ്രതിഭയുമായിരുന്ന സൂര്യ കൃഷ്ണമൂര്‍ത്തിയുടെ കലാജീവിതത്തെയും സാംസ്‌കാരിക സംഭാവനകളെയും സൗഹൃദസ്മരണകളെയും ആദരപൂര്‍വം അനുസ്മരിക്കുന്നതിനായി 'ഓര്‍മ്മകളിലെ സൂര്യപ്രഭ' എന്ന പേരില്‍ അനുസ്മരണ യോഗം ഇന്ന് നടക്കും.
വൈകുന്നേരം 6 മണിക്ക് ഫര്‍വാനിയ മെഡെക്‌സ് കെയര്‍ മെഡിക്കല്‍ സെന്ററില്‍ വെച്ചാണ് അനുസ്മരണം നടക്കുന്നത്. കുവൈത്തിലെ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും കലാസ്‌നേഹികളും ചടങ്ങില്‍ പങ്കെടുക്കും.
കുവൈത്തിലെ മലയാളി സമൂഹവുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന സൂര്യ കൃഷ്ണമൂര്‍ത്തിയുടെ കലാപ്രവര്‍ത്തനങ്ങളും സാംസ്‌കാരിക ഇടപെടലുകളും അദ്ദേഹം സമ്മാനിച്ച മറക്കാനാവാത്ത ഓര്‍മ്മകളും അനുസ്മരണച്ചടങ്ങില്‍ പങ്കുവെക്കും.
പ്രിയ കലാകാരന്റെ കലാപ്രതിഭയ്ക്കും മലയാളി സമൂഹവുമായി അദ്ദേഹം പങ്കുവെച്ച സ്‌നേഹബന്ധങ്ങള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ചടങ്ങിലേക്ക് കുവൈത്തിലെ എല്ലാ കലാസ്‌നേഹികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും കെ.ഡി.എന്‍.എ ഹൃദയപൂര്‍വം ക്ഷണിക്കുന്നു.