വാഹനത്തിന്റെ 'വീല്‍'പൂട്ടിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍: നടപടികള്‍ വ്യക്തമാക്കി കുവൈത്ത് ഗതാഗത വകുപ്പ്
കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങളെ തുടര്‍ന്ന് വാഹനം വീല്‍ ക്ലാമ്പ് (വീല്‍ ലോക്ക്) ചെയ്താല്‍,പിഴയടച്ചാല്‍ കൈക്കൊള്ളേണ്ട തുടര്‍ നടപടി ക്രമങ്ങള്‍ വ്യക്തമാക്കി കുവൈത്ത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്.
വീല്‍ ലോക്ക് അഴിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍:
പിഴയടയ്ക്കല്‍: ആദ്യം സഹേല്‍ (Sahel) ആപ്പ്, ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പ് എന്നിവ വഴിയോ, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഓഫീസുകള്‍ നേരിട്ട് സന്ദര്‍ശിച്ചോ ട്രാഫിക് പിഴ ഒടുക്കാവുന്നതാണ്.
രസീത് പ്രദര്‍ശിപ്പിക്കല്‍: പിഴയടച്ച രസീത് വ്യക്തമായി കാണാവുന്ന രീതിയില്‍ വാഹനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ (മുന്‍വശത്തെ ഗ്ലാസില്‍) പതിക്കണം.
അറിയിക്കുക: രസീത് വെച്ച ശേഷം, വീല്‍ ലോക്ക് നീക്കം ചെയ്യാനുള്ള നടപടികള്‍ക്കായി ട്രാഫിക് ഡയറക്ടറേറ്റിന്റെ പ്രത്യേക വാട്ട്സ്ആപ്പ് നമ്പറായ 99324092-ല്‍ ബന്ധപ്പെടേണ്ടതാണ്.
മറ്റ് പ്രധാന മുന്നറിയിപ്പുകള്‍:
വീല്‍ ലോക്ക് ചെയ്ത വാഹനം ഏതെങ്കിലും അപകടത്തില്‍ പെടുകയോ മറയുകയോ ചെയ്താല്‍, വാഹനം സ്വയം നീക്കാന്‍ ശ്രമിക്കരുത്. ഉടന്‍തന്നെ 112 എന്ന നമ്പറില്‍ വിളിച്ച് ട്രാഫിക് പട്രോള്‍ എത്തുന്നതുവരെ കാത്തിരിക്കേണ്ടതാണ്.
വീല്‍ ലോക്ക് ഉപകരണം ബലമായി പൊളിക്കാനോ കേടുപാടുകള്‍ വരുത്താനോ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.
വാഹനമോടിക്കുന്നവര്‍ ട്രാഫിക് നിയമങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നും, ഇത് റോഡ് സുരക്ഷ ഉറപ്പാക്കാന്‍ അത്യാവശ്യമാണെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.