കയ്യാങ്കളിവിവാദം യുഡിഎഫിന് തിരിച്ചടിയായി ; ചിറയിന്‍കീഴ് അഞ്ചുതെങ്ങ് ഡിവിഷന്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്
തിരുവനന്തപുരം: യുഡിഎഫ് പ്രാദേശികനേതാക്കള്‍ തമ്മിലടിച്ച് കോണ്‍ഗ്രസിനെ വന്‍ നാണക്കേടിലേക്ക് തള്ളിവിട്ട ചിറയിന്‍കീഴില്‍ യുഡിഎഫിന് ഉപതെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി. ഉപതെരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴിലെ അഞ്ചുതെങ്ങ് ഡിവിഷന്‍ നഷ്ടമാക്കി യുഡിഎഫ്. ബ്‌ളോക്ക് പഞ്ചായത്തിലേക്കുള്ള ഈ ഡിവിഷന്‍ എല്‍ഡിഎഫ് പിടച്ചെടുത്തു. 395 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിജിമോള്‍ വിജയിച്ചു.
കോണ്‍ഗ്രസ് നേതാവായി ഇവിടെ വിജയിച്ച അനൂപ് പാര്‍ട്ടിമാറി ബിജെപിയ്‌ക്കൊപ്പം പോയതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡിലും യുഡിഎഫിന് തിരിച്ചടിയുണ്ടായി. 139 വോട്ടിന് എല്‍ഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ വി തുളസിയാണ് ജയിച്ചത്. യുഡിഎഫിന്റെ കയ്യിലുണ്ടായിരുന്ന വാര്‍ഡാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് തനിച്ച് നടത്താനാകും. നിലവില്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെയാണ് ഇവിടെ എല്‍ഡിഎഫ് പഞ്ചായത്ത് ഭരിക്കുന്നത്. ചിറയിന്‍ കീഴില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത് നേതാക്കള്‍ തമ്മിലടിച്ച കയ്യാങ്കളി വിവാദമാണ്. വരും ദിവസങ്ങളില്‍ ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായി മാറിയേക്കും.
രമ്യാഹരിദാസ് എംഎല്‍എ യും ജില്ലാ പഞ്ചായത്തംഗവും തമ്മില്‍ നടന്ന കയ്യാങ്കളി വന്‍ വിവാദം ഉയര്‍ത്തി വിടുകയും കോണ്‍ഗ്രസിന് വലിയ നാണക്കേട് ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് തിരിച്ചടി കിട്ടിയത്. യുഡിഎഫ് വര്‍ഷങ്ങളായി നിലനിര്‍ത്തിയിരുന്ന രണ്ടു സീറ്റുകളാണ് കൈവിട്ടു പോയത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറയിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. അതേസമയം വർക്കലയിൽ 925 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം നേടാനും എൽഡിഎഫിനായി. ബിജെപി രണ്ടാമത് എത്തുകയും ചെയ്തു.