Dark Mode

ഭിന്നശേഷിക്കാരുടെ ശാക്തീകരണവും സാമൂഹിക പങ്കാളിത്തവും പ്രധാനം: ഫര്‍വാനിയ ഗവര്‍ണര്‍

ഭിന്നശേഷിക്കാരുടെ ശാക്തീകരണവും സാമൂഹിക പങ്കാളിത്തവും പ്രധാനം: ഫര്‍വാനിയ ഗവര്‍ണര്‍

കുവൈത്ത് സിറ്റി: ഭിന്നശേഷിക്കാരെ പിന്തുണയ്ക്കുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടത് സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്നും, അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ആവശ്യമായ അവസരങ്ങള്‍ ഒരുക്കി നല്‍കേണ്ടതുണ്ടെന്നും ഫര്‍വാനിയ ഗവര്‍ണര്‍ ശൈഖ് അദ്ബി നാസര്‍ അല്‍-അദ്ബി അല്‍-സബാഹ് വ്യക്തമാക്കി. തന്മിയ ചാരിറ്റി അസോസിയേഷന്‍, ജുസൂര്‍ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടിങ് സര്‍വീസസുമായി ചേര്‍ന്ന് അറബ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'ത്രെഡ്‌സ് ഓഫ് ഹോപ്പ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്‌കാരിക സംഘടനകളും തമ്മിലുള്ള സഹകരണം അത്യന്താപേക്ഷിതമാണെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
കാഴ്ച, കേള്‍വി, ശാരീരിക ഭിന്നശേഷിയുള്ള 20 വനിതകള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും സമൂഹത്തിന്റെ ഭാഗമാക്കുന്നതിനുമുള്ള പരിശീലനമാണ് ഈ പരിപാടിയിലൂടെ നല്‍കുന്നത്.
ഹാന്‍ഡ് ക്രാഫ്റ്റ് പരിശീലനം: സൗദിയില്‍ നിന്നുള്ള വിദഗ്ധരുടെ മേല്‍നോട്ടത്തില്‍, സൂചികള്‍ ഉപയോഗിക്കാതെ വിരലുകള്‍ മാത്രം ഉപയോഗിച്ച് ചെയ്യുന്ന പരമ്പരാഗത കരകൗശല വിദ്യയായ 'മക്രോം' പരിശീലനമാണ് ഇവിടെ നല്‍കുന്നത്. ഒരു ആഴ്ച നീണ്ടുനില്‍ക്കുന്ന ഇത്തരമൊരു പദ്ധതി കുവൈത്തില്‍ ആദ്യമായാണെന്ന് തന്മിയ ചാരിറ്റി അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. നാസര്‍ അല്‍-അജ്മി വ്യക്തമാക്കി.
ഭിന്നശേഷിക്കാര്‍ക്ക് പ്രായോഗിക പരിശീലനവും സര്‍ഗ്ഗാത്മകതയും സ്വയം പര്യാപ്തതയും നല്‍കുന്നതില്‍ സര്‍വകലാശാല പ്രതിജ്ഞാബദ്ധമാണെന്ന് അറബ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ. സ്വലാഹ് അല്‍-ഹമ്മാദി പറഞ്ഞു.