കേരള അസോസിയേഷനും ബിഡികെ കുവൈറ്റുമായി ചേര്‍ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈത്ത്‌സിറ്റി: മനുഷ്യത്വത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരള അസോസിയേഷന്‍ കുവൈറ്റും ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ വൈകിട്ട് 5 മണി വരെ അദാന്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്ററില്‍ നടന്ന ക്യാമ്പിലേക്ക് പ്രവാസി സമൂഹത്തില്‍ നിന്ന് വലിയ തോതിലുള്ള പങ്കാളിത്തവും പിന്തുണയുമാണ് ലഭിച്ചത്. കുവൈറ്റിലെ രക്തശേഖരത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്തും കുവൈറ്റ് ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചുമാണ് ഈ ജീവകാരുണ്യ സംരംഭം ഒരുക്കിയത്.
കേരള അസോസിയേഷന്‍ കുവൈറ്റ് ജനറല്‍ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തില്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍, ബിഡികെ കുവൈറ്റ് ചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ നിമിഷ് കാവാലം അധ്യക്ഷത വഹിച്ചു. കേരള അസോസിയേഷന്‍ കുവൈറ്റ് പ്രസിഡന്റ് ബിവിന്‍ തോമസ് ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജീവന്‍ രക്ഷിക്കുന്ന മഹത്തായ പ്രവര്‍ത്തനത്തിനായി മുന്നോട്ടുവന്ന മുഴുവന്‍ രക്തദാതാക്കളെയും സന്നദ്ധ പ്രവര്‍ത്തകരെയും അദ്ദേഹം പ്രത്യേകമായി അഭിനന്ദിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സാമൂഹിക സംഘടനകള്‍ കൈകോര്‍ക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം സൂചിപ്പിച്ചു.
തുടര്‍ന്ന് കേരള അസോസിയേഷന്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ മണിക്കുട്ടന്‍ എടക്കാട്ട് ,ബിഡികെ പ്രതിനിധി മനോജ് മാവേലിക്കര എന്നിവര്‍ ക്യാമ്പിന് ആശംസകള്‍ നേര്‍ന്നു. രക്തദാതാക്കളെ ആദരിക്കുന്നതിന്റെ ഭാഗമായി ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കേരള അസോസിയേഷന്‍ കുവൈറ്റ് ട്രഷറര്‍ അനില്‍ കെ.ജി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം സമൂഹത്തിലേക്ക് കൂടുതല്‍ എത്തിക്കുന്നതിനും പുതിയ ആളുകളെ രക്തദാനത്തിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനും ക്യാമ്പ് വേദിയായി മാറി. കേരള അസോസിയേഷന്‍ കുവൈറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷാജി രഘുവരന്‍, വിനോദ് വലൂപറമ്പില്‍, പ്രഫിന്‍ ദാസ്, സലീല്‍ മുഹമ്മദ് , അമൃത് സെന്‍, സ്റ്റെല്ലസ് ജോസഫ് , ജിജു ചാക്കോ, ബൈജു തോമസ്, ബിനോയ് രാഘവന്‍, സ്റ്റീഫന്‍ അടൂര്‍ എന്നിവര്‍ക്കൊപ്പം ബിഡികെ കുവൈറ്റ് ചാപ്റ്റര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
രക്തദാന ക്യാമ്പുകളോ ബോധവല്‍ക്കരണ പരിപാടികളോ സംഘടിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 69997588 എന്ന നമ്പറില്‍ ബിഡികെ കുവൈറ്റ് ചാപ്റ്ററുമായി ബന്ധപ്പെടാവുന്നതാണ്.