ബാങ്ക് സമരം പിൻവലിച്ചു; ആവശ്യങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി
ന്യൂഡൽഹി: ഇന്ന് മുതൽ 30 വരെ നടത്താനിരുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് സമരം പിൻവലിച്ചു. ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് സമരം താൽക്കാലികമായി മാറ്റിവെച്ചതായി വ്യക്തമാക്കിയത്. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ നിർണായക ചർച്ചകൾക്ക് ശേഷമാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.
എല്ലാ ശനിയാഴ്ചകളും അവധിയാക്കി ബാങ്കുകളിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കാൻ യോഗത്തിൽ ധാരണയായി. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വിഷയങ്ങൾക്ക് പരിഹാരം കാണാൻ ഈ സമിതി പരിശോധിച്ച് തീരുമാനമെടുക്കും. മറ്റു ആവശ്യങ്ങളിലും വേഗത്തിൽ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പ് ലഭിച്ചതോടെ ഇന്ന് ബാങ്കിങ് സേവനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കും.
ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം ആക്കുക എന്നതാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. ഇതിനൊപ്പം പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ ഉന്നയിച്ചിട്ടുണ്ട്. മുൻപ് ബാങ്ക്സ് അസോസിയേഷൻ ഈ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം നീളുകയായിരുന്നു. ഇതി തുടർന്നാണ് മൂന്ന് ദിവസത്തെ സമരപ്രഖ്യാപനവും ഞായറാഴ്ചയിലെ ബാങ്ക് പ്രവർത്തനവും നടന്നത്.