അബു ഹലീഫ സൗഹൃദവേദി 'ഒന്നിച്ചോണം 2026' സംഘടിപ്പിച്ചു
കുവൈത്ത്: KIG അബു ഹലീഫ സൗഹൃദവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'ഒന്നിച്ചോണം 2026' ഓണാഘോഷം ശ്രദ്ധേയമായി. അബു ഹലീഫ വെല്‍ഫെയര്‍ ഹാളില്‍ നടന്ന ആഘോഷത്തില്‍ കുടുംബാംഗങ്ങളടക്കം നൂറിലധികം പേര്‍ പങ്കെടുത്തു.
യൂണിറ്റ് വൈസ് പ്രസിഡന്റ് കെ. എസ്. ശ്രീജിത്ത് സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ (FOK) പ്രസിഡന്റ് എല്‍ദോസ് ബാബു, KIG എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം നിയാസ് ഇസ്ലാഹി എന്നിവര്‍ ഓണസന്ദേശം നല്‍കി.
പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് പ്രസിഡന്റ് റഫീഖ് ബാബു, KIG അബു ഹലീഫ ഏരിയ പ്രസിഡന്റ് മെഹ്നാസ് മുസ്തഫ, 'ഒന്നിച്ചോണം 2026' പ്രോഗ്രാം കണ്‍വീനര്‍ അശ്കര്‍ മാളിയേക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൗഹൃദവേദി അബു ഹലീഫ യൂണിറ്റ് കമ്മിറ്റി അംഗം ഡോജി മാത്യു നന്ദി പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. സൗഹൃദവേദി അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഏറെ ശ്രദ്ധേയമായി. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കലാപരിപാടികള്‍ ഏകോപിപ്പിച്ചത്.
വിവിധ മേഖലകളില്‍ നിന്നുള്ള പ്രവാസി കുടുംബങ്ങളെ ഒരുമിപ്പിച്ച 'ഒന്നിച്ചോണം 2026', കേരളീയ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഓര്‍മ്മകള്‍ പുതുക്കുന്നതിനൊപ്പം സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പകര്‍ന്ന വേറിട്ട ഓണാഘോഷമായി മാറി.