സംസ്കാരിക കേരളത്തിന് പുതിയ നേതൃത്വം; ചലച്ചിത്ര അക്കാദമി ചെയര്മാന് രവീന്ദ്രന്
തിരുവനന്തപുരം: പ്രതിഭ കൊണ്ടും പ്രതിബദ്ധത കൊണ്ടും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഒരുകൂട്ടം കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തെ കൂടുതല്‍ സര്ഗാത്മകമാക്കാനുള്ള നിശ്ചയദാര്‍ഢ്യവുമായി കടന്നുവരുന്നു.
കറുപ്പ് ഇരുട്ടല്ലെന്നും വെളുപ്പ് വെളിച്ചമല്ലെന്നും മലയാളത്തോട് പറഞ്ഞ പ്രിയപ്പെട്ട കല്പറ്റ നാരായണന് മാഷ് കേരള സാഹിത്യ അക്കാദമിയെ നയിക്കും. പാടിയ പാട്ടുകളില്‍ എല്ലാം സ്വരഭംഗികൊണ്ട് കയ്യൊപ്പ് ചാര്‍ത്തിയ ഏ വേണുഗോപാല്‍ ആണ് കേരള സംഗീത നാടക അക്കാദമിയുടെ സാരഥി. നടനും ഫിലിം ഫെസ്റ്റിവല്‍ ക്യൂറേറ്ററുമായ രവീന്ദ്രനും മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ജേത്രി കൂടിയായ പ്രിയങ്ക നായരും ചേര്‍ന്ന് കേരള ചലച്ചിത്ര അക്കാദമിയെ നയിക്കും.
ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്മാന് കൂടിയായ പ്രിയപ്പെട്ട നടന് പ്രേം കുമാര്‍ അരങ്ങിലും വെള്ളിത്തിരയിലുമുള്ള അനുഭവസമ്പത്തുമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനെയും, ചലച്ചിത്ര നിര്‍മാണ വിതരണ രംഗങ്ങളിലെ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി കലാകാരന്മാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിനെ രഞ്ജിത്തും, ദൃശ്യകലയുടെ നവസാധ്യതകളെ പറ്റി ബോധ്യമുള്ള പ്രൊഫ. പ്രകാശ് മൂര്‍ത്തി അധ്യാപന- സര്‍ഗ്ഗ പരിചയവുമായി ലളിതകലാ അക്കാദമിയേയും, നാട്ടറിവുകളെയും നാടോടികലകളെയും ജനകീയമാക്കാന്‍ സുരേഷ് ബാബു എളയാവൂര് കേരള ഫോക്ക്ലോര്‍ അക്കാദമിയെയും നയിക്കും.