കബ്ദിലെ 'ഷാബു' മയക്കുമരുന്ന് നിർമ്മാണ കേസ്: ഒരു പ്രതികൂടെ കുവൈത്തില്‍ പിടിയില്‍
കുവൈത്ത് സിറ്റി: കബ്ദ് മേഖലയിലെ ഫാം ഹൗസ് കേന്ദ്രീകരിച്ച് നടന്ന ഷാബു (Methamphetamine) നിർമ്മാണ കേസുമായി ബന്ധപ്പെട്ട്, കൂടുതൽ മയക്കുമരുന്നുമായി നെറ്റ്‌വർക്കിലെ മറ്റൊരു പ്രതിയെക്കൂടി ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം പിടികൂടി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വൻ മയക്കുമരുന്ന് വേട്ട നടന്നത്.
സഅദ് അൽ അബ്ദുള്ളയിലെ വീട്ടിൽ നിന്നും കബ്ദിലെ ഫാം ഹൗസിൽ നിന്നും മുൻപ് പിടിയിലായ പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്ന പ്രധാന കണ്ണിയാണ് ഇപ്പോൾ വലയിലായത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസുമായി സഹകരിച്ച് അബ്ദലി അതിർത്തി പോസ്റ്റിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇറാഖിൽ നിന്ന് കുവൈത്തിലേക്ക് വരികയായിരുന്ന പ്രതിയുടെ വാഹനത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ, രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ 47 കിലോഗ്രാം ഷാബുവും, മയക്കുമരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന 45 ലിറ്റർ ദ്രാവക രൂപത്തിലുള്ള ഷാബുവും കണ്ടെടുത്തു.
ഇറാനിലെ ഖൂസെസ്താൻ പ്രവിശ്യയിലുള്ള അൽ-മുഹമ്മറ മേഖലയിലെ പ്രധാന മയക്കുമരുന്ന് വ്യാപാരിയെ നേരിട്ട് കണ്ട് വാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച ശേഷം, ഇറാഖ് വഴി കരമാർഗ്ഗം കുവൈത്തിലെത്തിച്ച് മുൻപ് പിടിയിലായ പ്രതിക്ക് കൈമാറുകയാണ് ഇയാളുടെ രീതി എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.