Dark Mode

ലോക കേരള സഭ;ഓവര്‍സീസ് എന്‍ സി പി പ്രതിഷേധിച്ചു

ലോക കേരള സഭ;ഓവര്‍സീസ് എന്‍ സി പി പ്രതിഷേധിച്ചു

കുവൈത്ത്‌സിറ്റി: ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പൊതു വേദിയായി ഇടതു പക്ഷ സര്‍ക്കാര്‍ രൂപികരിച്ച 'ലോക കേരള സഭ' പിരിച്ചുവിട്ട മുഖ്യമന്ത്രിയുടെ നടപടി പ്രവാസി സമൂഹത്തോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണ് ഓവര്‍സീസ് എന്‍ സി പി.

പ്രവാസി സമൂഹവുമായി സംസ്ഥാന സര്‍ക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താനും അവരുടെ പ്രശ്‌നങ്ങള്‍ ഔദ്യോഗികമായി ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനും സാധിച്ചിരുന്ന സുപ്രധാനമായ ഒരു സംവിധാനമാണ് ഇതോടെ ഇല്ലാതാകുന്നത്.

2018-ല്‍ രൂപീകൃതമായ ലോക കേരള സഭ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി പ്രവാസികളുടെ സാംസ്‌കാരിക-സാമൂഹിക-സാമ്പത്തിക ശേഷിയെ നാടിന്റെ വികസനവുമായി കൂട്ടിയോജിപ്പിക്കുന്നതില്‍ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. കേരള നിയമസഭാംഗങ്ങളും, പാര്‍ലമെന്റ് അംഗങ്ങളും, ലോകമെമ്പാടുമുള്ള പ്രവാസി പ്രതിനിധികളും ഉള്‍പ്പെടെ 351 അംഗങ്ങള്‍ ചേര്‍ന്ന ഈ ജനാധിപത്യ വേദിയെ ഇത്തരത്തില്‍ ഉപേക്ഷിക്കുന്നത് പ്രവാസികളോടുള്ള കടുത്ത അവഗണനയാണെന്ന് ഓവര്‍സീസ് എന്‍ സി പി ഭാരവാഹികള്‍ പറഞ്ഞു.

നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ്, ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്,
ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി, പ്രവാസി മിഷന്‍,
നോര്‍ക്ക പോലീസ് സ്റ്റേഷന്‍,
സ്റ്റുഡന്റ് മൈഗ്രെഷന്‍ പോര്‍ട്ടല്‍, എയര്‍പോര്‍ട്ട് ഹെല്പ് ഡെസ്‌ക് ,
ലോക കേരളം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ , നോര്‍ക്ക കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ തുടങ്ങിയ നിരവധി നല്ല ആശയങ്ങള്‍ ഉയര്‍ന്നു വന്നതു ലോക കേരള സഭാംഗങ്ങളില്‍ നിന്നാണ്. ഈ ആശയങ്ങളാണ് കേരള സര്‍ക്കാര്‍ പ്രവാസി ക്ഷമത്തിനായി പിന്നീട് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്

കേന്ദ്ര സര്‍ക്കാരിന്റെ വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നിര്‍ദേശത്തില്‍ ലോക കേരള സഭ , മറ്റു സംസ്ഥാനങ്ങള്‍ക്ക് കൂടി അനുകരണീയമായ മാതൃകയാണെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതു പോലും മറന്നു കൊണ്ടാണ് ഇപ്പോള്‍ കേരള സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

ലോക കേരള സഭ പിരിച്ചുവിടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും, കൂടുതല്‍ കരുത്തോടെ പ്രവാസി സമൂഹത്തിന്റെ വികസന പങ്കാളിത്തവും ക്ഷേമവും ഉറപ്പാക്കിക്കൊണ്ട് ഈ സംവിധാനം മുന്നോട്ട് കൊണ്ടുപോകണമെന്നും എന്‍ സി പി (എസ് പി )
ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷന്‍ ബാബു ഫ്രാന്‍സീസ്, നാഷണല്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍, കുവൈറ്റ് കമ്മിറ്റി പ്രസിഡണ്ട് ജീവ്‌സ് എരിഞ്ചേരി ,ജനറല്‍ സെക്രട്ടറി അരുള്‍ രാജ് എന്നിവര്‍ വാര്‍ത്താക്കുറിപ്പിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.