Dark Mode

സൂര്യ കൃഷ്ണമൂര്‍ത്തിയും കുവൈത്തിലെ കലാ രംഗവും

സൂര്യ കൃഷ്ണമൂര്‍ത്തിയും കുവൈത്തിലെ കലാ രംഗവും

കുവൈത്ത് സിറ്റി: ഇന്ത്യ കണ്ട മികച്ച കലാസംഘാടകനും ക്യൂറേറ്ററുമായിരുന്ന സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വിയോഗത്തിലൂടെ നഷ്ടമായത്. ഭാരതീയ കലാലോകത്തെ വന്‍മരമാണ് പൊലിഞ്ഞത്. ISRO-യിലെ ജോലി ഉപേക്ഷിച്ച് 'സൂര്യ' എന്ന സാംസ്‌കാരിക കൂട്ടായ്മയ്ക്ക് രൂപം നല്‍കിയ അദ്ദേഹം, കേരളത്തിന്റെ തനത് നാടോടി-ശാസ്ത്രീയ കലകളെയും നാടകങ്ങളെയും അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.

'മനുഷ്യന്റെ ഏതെങ്കിലും ഒരു വികാരത്തെ ആവിഷ്‌കരിക്കാന്‍ കഴിയുമെങ്കില്‍, ഏത് സംഗീത ഉപകരണങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ഞാന്‍ തയ്യാറാണ്' എന്ന പ്രശസ്ത ഗ്രീക്ക്-അമേരിക്കന്‍ സംഗീതജ്ഞന്‍ യാനിയുടെ വാക്കുകളെ അന്വര്‍ത്ഥമാക്കും വിധമായിരുന്നു സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ഓരോ കലാസൃഷ്ടികളും. കേവലം ഒരു സംഘാടകന്‍ എന്നതിലുപരി, അനേകം കലാരൂപങ്ങളെയും കലാകാരന്മാരെയും ഒരു വേദിയില്‍ സമന്വയിപ്പിക്കാന്‍ സാധിച്ച അപൂര്‍വ്വ പ്രതിഭയായിരുന്നു അദ്ദേഹം.

മല്ലിക സാരാഭായ്, പത്മ സുബ്രഹ്‌മണ്യം, ചിത്ര വിശ്വേശ്വരന്‍, ശോഭന, മേതില്‍ ദേവിക, ആശ ശരത് തുടങ്ങിയ പ്രശസ്ത നര്‍ത്തകരും; ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസ്, ഹരിഹരന്‍, ഹരിപ്രസാദ് ചൗരസ്യ, പണ്ഡിറ്റ് അംജദ് അലി ഖാന്‍ തുടങ്ങി അന്താരാഷ്ട്ര പ്രശസ്തരായ സംഗീതജ്ഞരും, എം. ജയചന്ദ്രന്‍, അന്തരിച്ച ബാലഭാസ്‌കര്‍ തുടങ്ങിയ പുതുതലമുറ കലാകാരന്മാരും സൂര്യയുടെ വേദികള്‍ പങ്കിട്ടിട്ടുണ്ട്. സൂര്യയുടെ പ്രശസ്തമായ തീം മ്യൂസിക് കമ്പോസ് ചെയ്തത് ബാലഭാസ്‌കര്‍ ആയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല്‍പ്പതോളം രാജ്യങ്ങളില്‍ സൂര്യയ്ക്ക് നിലവില്‍ ചാപ്റ്ററുകളുണ്ട്.

കുവൈത്തുമായുള്ള ആത്മബന്ധം

കുവൈത്തിലെ സാംസ്‌കാരിക രംഗത്തും സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സാന്നിധ്യം പ്രകടമായിരുന്നു. 'മേല്‍വിലാസം' എന്ന പ്രശസ്തമായ നാടകം കുവൈറ്റില്‍ അവതരിപ്പിച്ചപ്പോഴും, കുവൈറ്റ് എഞ്ചിനീയേഴ്‌സ് ഫോറത്തിന് (KEF) വേണ്ടി അദ്ദേഹം സംവിധാനം ചെയ്ത വൈക്കം മുഹമ്മദ് ബഷീറിന്റെ 'പ്രേമലേഖനം' നാടകവുമായും ബന്ധപ്പെട്ട് പ്രവാസി സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ സാധിച്ചിരുന്നു. പാന്‍സിലി വര്‍ക്കി, വിജയന്‍ കാരയില്‍, ബി.എസ്. പിള്ള തുടങ്ങിയവരായിരുന്നു കുവൈറ്റിലെ ആദ്യകാല സൂര്യ സംഘാടകര്‍.

കേരള സംഗീത നാടക അക്കാദമിയുടെ സുവര്‍ണ്ണകാലം:

കേരള സംഗീത നാടക അക്കാദമിയുടെ (KSNA) ചരിത്രത്തിലെ എക്കാലത്തെയും മികച്ച ചെയര്‍മാന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. കല കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കും അപ്പുറത്താവണമെന്ന് ഉറച്ചുവിശ്വസിച്ച അദ്ദേഹം, അക്കാദമിയുടെ അഡ്ഹോക്ക് കമ്മിറ്റികളില്‍ സ്ത്രീ നിര്‍ബന്ധമായും മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കാന്‍ ശ്രദ്ധിച്ചിരുന്നു. പ്രവാസി നാടകമേള, കലാകാരന്മാര്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍, കഥാപ്രസംഗ കലയ്ക്കുള്ള ഔദ്യോഗിക അംഗീകാരം എന്നിവ നടപ്പിലാക്കിയത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു.

എം.ടിയുടെയും ബഷീറിന്റെയും കഥാപാത്രങ്ങളെ കാലികമായ മാറ്റങ്ങളോടെ വേദിയില്‍ അവതരിപ്പിച്ച അദ്ദേഹം, വെറുമൊരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ എന്നതിലുപരി 'ഫ്രീഡം ഓഫ് തിയേറ്റര്‍' എന്ന പുതിയൊരു ദൃശ്യസംസ്‌കാരം തന്നെ മലയാളത്തിന് സമ്മാനിച്ചു.
അവസാനം കണ്ട് നിമിഷങ്ങള്‍- ഷമീജ് കുമാര്‍
ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ 2024 ഇല ഉസ്താത് അംജദ് അലിഖാനെ കുവൈറ്റില്‍ കൊണ്ടുവന്നപ്പോ സംഘടനത്തിന്റെ ഭാഗമായി ഞാനും ഉണ്ടാരുന്നു. സൂര്യ കൃഷ്ണമൂര്‍ത്തി സര്‍ ആയിരുന്നു അന്ന് ഉസ്താദിനോടൊപ്പം സഞ്ചരിച്ചിരുന്നത്.
അതിനുശേഷം അഗ്‌നി എന്ന ഒരു പ്രോഗ്രാം വേദിയില് വെച്ചും അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്
2025 ഗണേശ ചതുര്‍ഥി ദിവസം ആണ് അവസാനമായി അദ്ദേഹത്തെ കാണുന്നതെന്ന് കുവൈത്തിലെ പ്രമുഖ നാടക-കലാപ്രവര്‍ത്തനായ ഷമീജ് കുമാര്‍ പറയുന്നു.
അന്ന് അദ്ദേഹം തികച്ചും അവശനായിരുന്നു എങ്കിലും തിരിച്ചു വരും എന്ന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു.
സൂര്യയുടെ 2026 പ്രോഗ്രാമിനുള്ള തയ്യാറെടുപ്പ്‌നടയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
ഒരായുസ് മുഴുവന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഉഴിഞ്ഞു വെക്കുക എന്നത് ഒരു പുണ്യ പ്രവര്‍ത്തി ആണ്.അതുകൊണ്ടുതന്നെ കലാകാരന് മരണമില്ല.
അയാള്‍ എന്നും ജനങ്ങളുടെ ഓര്‍മയില്‍ ജീവിക്കും.