കുവൈത്തിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്: സ്വദേശിയുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു
കുവൈത്ത് സിറ്റി: അൽ-മുത്ല മരുഭൂമിയിൽ വെച്ച് ഭാര്യയെ വാഹനം കയറ്റിയും ക്രൂരമായി മർദ്ദിച്ചും കൊലപ്പെടുത്തിയ കേസിൽ കുവൈത്തി പൗരന് വിചാരണക്കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. കൗൺസിലർ നാസർ സലീം അൽ-ഹൈദ് അധ്യക്ഷനായ ബെഞ്ചിൽ ജഡ്ജിമാരായ മിതേബ് അൽ-അർദി, സൗദ് അൽ-സാനെ എന്നിവരടങ്ങിയ അപ്പീൽ കോടതിയാണ് ഉത്തരവിട്ടത്.
കുവൈത്ത് സമൂഹത്തെ ഒന്നാകെ നടുക്കിയ ദാരുണമായ സംഭവം ഈദുൽ ഫിത്തർ ദിനത്തിലായിരുന്നു നടന്നത്. കാറിൽ യാത്ര ചെയ്യവേ ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പ്രതി ഭാര്യയെ വണ്ടിയിൽ നിന്നും പുറത്തേക്ക് തള്ളിയിടുകയും, ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ ക്രൂരമായി മർദ്ദിച്ച് മുകളിലൂടെ വാഹനം കയറ്റി കൊലപ്പെടുത്തുകയുമായിരുന്നു.
വിചാരണ വേളയിൽ പ്രതി മാനസികാസ്വാസ്ഥ്യം അഭിനയിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതേത്തുടർന്ന് കോടതി ഉത്തരവുപ്രകാരം പ്രതിയെ വിദഗ്ധ സൈക്യാട്രിക് പരിശോധനയ്ക്ക് വിധേയനാക്കി. എന്നാൽ പ്രതിക്ക് ഓർമ്മക്കുറവോ മറ്റ് മാനസികപ്രശ്നങ്ങളോ ഇല്ലെന്നും, ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി രോഗലക്ഷണങ്ങൾ കൃത്രിമമായി കാണിച്ചതാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമായി. ഇതോടെയാണ് അപ്പീൽ കോടതി വധശിക്ഷ ശരിവെച്ച് വിധി പ്രസ്താവിച്ചത്.