എട്ട് ഗര്‍ഭഛിദ്രങ്ങള്‍ക്ക് ശേഷം അത്ഭുത ജനനം; 41-കാരിയായ അബുദാബി സ്വദേശിനിക്ക് പെണ്‍കുഞ്ഞ് പിറന്നു
അബുദാബി: എട്ട് തവണ ഗര്‍ഭം അലസിപ്പോയ ശേഷമുണ്ടായ അപൂര്‍വ്വവും സങ്കീര്‍ണ്ണവുമായ പ്രസവത്തിലൂടെ യു.എ.ഇ സ്വദേശിനിക്ക് പെണ്‍കുഞ്ഞ് പിറന്നു. വടക്കന്‍ എമിറേറ്റ്സ് സ്വദേശിയായ അഫ്ര അല്‍ ഖതീരി (41) എന്ന വനിതയാണ് ഏഴ് ഗര്‍ഭഛിദ്രങ്ങള്‍ക്കും ഒരു ഗര്‍ഭസ്ഥ ശിശുമരണത്തിനും ശേഷം കുഞ്ഞിന് ജന്മം നല്‍കിയത്. അബുദാബിയിലെ കോര്‍ണിഷ് ഹോസ്പിറ്റലിലായിരുന്നു പ്രസവം.
അപൂര്‍വ്വമായ ജനിതക വൈകല്യങ്ങളും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും കാരണം അതിസങ്കീര്‍ണ്ണമായിരുന്നു അഫ്രയുടെ ഒന്‍പതാമത്തെ ഗര്‍ഭധാരണം. തലച്ചോറിലെ വൈകല്യങ്ങള്‍ക്കും വൃക്കരോഗങ്ങള്‍ക്കും കാരണമാകുന്ന 'EXOC3L2' എന്ന ജനിതക വ്യതിയാനമുള്ളവരായിരുന്നു അഫ്രയും ഭര്‍ത്താവും. കൂടാതെ ഗര്‍ഭാശയ സംബന്ധമായ മറ്റ് തടസ്സങ്ങളും (Endometriosis & Uterine Septum) ഇവരെ അലട്ടിയിരുന്നു. ഇതിനായി അമേരിക്കയിലടക്കം ഇവര്‍ ചികിത്സ തേടിയിരുന്നു.
നിരവധി തവണ ഐ.വി.എഫ് (IVF) ചികിത്സകള്‍ പരാജയപ്പെട്ടെങ്കിലും, 'പ്രീ-ഇംപ്ലാന്റേഷന്‍ ജനറ്റിക് ടെസ്റ്റിംഗ്' (PGT) വഴിയുള്ള ഐ.വി.എഫ് ചികിത്സയിലൂടെയാണ് ഇവര്‍ വീണ്ടും ഗര്‍ഭം ധരിച്ചത്. എന്നാല്‍ ഗര്‍ഭകാലത്ത് പ്രമേഹവും കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കുന്ന മറ്റു സങ്കീര്‍ണ്ണതകളും വീണ്ടും വില്ലനായി.
തുടര്‍ന്ന് അബുദാബി കോര്‍ണിഷ് ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തില്‍ 35-ാം ആഴ്ചയില്‍ സി-സെക്ഷനിലൂടെ (C-Section) 1.99 കിലോഗ്രാം തൂക്കമുള്ള കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. പ്രസവത്തിനു ശേഷം തീവ്രപരിചരണ വിഭാഗത്തിലെ (NICU) കൃത്യമായ സംരക്ഷണത്തിലൂടെ കുഞ്ഞിന്റെ ഭാരം രണ്ട് കിലോയായതിനെ തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
വിദഗ്ധ ഡോക്ടര്‍മാരുടെ കൂട്ടായ പരിശ്രമത്തിന്റെ വിജയമാണിതെന്ന് കോര്‍ണിഷ് ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസറും ഗൈനക്കോളജിസ്റ്റുമായ ഡോ. സലീമ വാനി പറഞ്ഞു. ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭധാരണങ്ങള്‍ക്കും നവജാതശിശു പരിചരണത്തിനുമായി കഴിഞ്ഞ 48 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അബുദാബിയിലെ കോര്‍ണിഷ് ഹോസ്പിറ്റല്‍.