Dark Mode

ജനാധിപത്യ വേദിയെ ഇല്ലാതാക്കുന്നത് അംഗീകരിക്കില്ലന്ന് മുന്‍ ലോക കേരളസഭ അംഗങ്ങളായ മണിക്കുട്ടൻ എടക്കാട്ട്, വിനോദ് വലൂപ്പറമ്പിൽ

ജനാധിപത്യ വേദിയെ ഇല്ലാതാക്കുന്നത് അംഗീകരിക്കില്ലന്ന് മുന്‍ ലോക കേരളസഭ അംഗങ്ങളായ മണിക്കുട്ടൻ എടക്കാട്ട്, വിനോദ് വലൂപ്പറമ്പിൽ

കുവൈത്ത് സിറ്റി: ലോക കേരളസഭ പിരിച്ചുവിടാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തിൽ ശക്തമായ പ്രതിഷേധമറിയിച്ച് കുവൈത്തിലെ മുൻ ലോക കേരളസഭാംഗങ്ങളായ മണിക്കുട്ടൻ എടക്കാട്ട്, വിനോദ് വലൂപ്പറമ്പിൽ എന്നിവർ പ്രസ്താവനയിറക്കി. ലോകമെമ്പാടുമുള്ള മലയാളി പ്രവാസി സമൂഹത്തെ ഒരുമിപ്പിച്ച് നിർത്തി, അവരുടെ പ്രശ്നങ്ങളും നിർദേശങ്ങളും കേരളത്തിന്റെ ഭരണസംവിധാനത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞ ഒരു ജനാധിപത്യ വേദിയെ ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

‘ധൂർത്ത്’, ‘പ്രാഞ്ചികളുടെ സഭ’, ‘പ്രയോജനമില്ലാത്ത സംവിധാനം’ തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ഈ വേദിയുടെ പ്രസക്തി ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. എന്നാൽ, അഞ്ച് ലോക കേരളസഭകൾക്കായി യഥാക്രമം 2.03 കോടി, 1.21 കോടി, 1.14 കോടി, 37 ലക്ഷം, 47 ലക്ഷം രൂപ മാത്രമാണ് ചെലവായത്. പ്രവാസി ഇൻഷുറൻസ്, പ്രവാസി നിക്ഷേപ പദ്ധതികൾ, പ്രവാസി മിഷൻ, പോലീസ് സഹായ സംവിധാനം, വിദ്യാർത്ഥി മൈഗ്രേഷൻ പോർട്ടൽ, എയർപോർട്ട് ഹെൽപ് ഡെസ്ക് തുടങ്ങി സഭയിൽ ഉയർന്ന നിരവധി നിർദേശങ്ങളാണ് പിന്നീട് ജനക്ഷേമ പദ്ധതികളായി സർക്കാർ നടപ്പിലാക്കിയത്.

പ്രവാസികൾ വിദേശരാജ്യങ്ങളിൽ പ്രതിസന്ധിയിലാകുമ്പോഴും, യുദ്ധ സാഹചര്യങ്ങളിലും ചികിത്സാ സഹായം, നിയമസഹായം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ തുടങ്ങിയ വിഷമഘട്ടങ്ങളിൽ ജനങ്ങൾക്ക് തുണയായത് സഭയുമായി ബന്ധപ്പെട്ട പ്രവാസി പ്രവർത്തകരുടെ ഇടപെടലുകളാണെന്നും അവർ ചൂണ്ടിക്കാട്ടി.
വീട്ടുജോലിക്കാർ, സാധാരണ തൊഴിലാളികൾ മുതൽ വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ വരെയുള്ള വലിയൊരു സമൂഹത്തിന്റെ പ്രാതിനിധ്യമാണ് സഭയിലുണ്ടായിരുന്നത്. ഇവരെയെല്ലാം 'പ്രാഞ്ചികൾ' എന്ന് ഒറ്റവാക്കിൽ വിളിച്ച് അപമാനിക്കുന്നത് പ്രവാസി സമൂഹത്തോടുള്ള അനാദരവാണ്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം, സർക്കാരുകളും മാറാം. എന്നാൽ ഭരണമാറ്റമുണ്ടാകുമ്പോൾ ജനങ്ങൾക്ക് ഉപകാരപ്രദമായ സംവിധാനങ്ങൾ തകർക്കുന്നത് ഭരണത്തിന്റെ തുടർച്ചയല്ല, മറിച്ച് രാഷ്ട്രീയ പ്രതികാരത്തിന്റെ സംസ്കാരമാണ്.

സഭയെ പൂർണ്ണമായി ഇല്ലാതാക്കുന്നതിന് പകരം അതിലെ പോരായ്മകൾ തിരുത്തി കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ലോകമെമ്പാടുമുള്ള മലയാളികളുടെ ശബ്ദം അടച്ചുപൂട്ടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ഇരുവരും, ലോക കേരളസഭ പിരിച്ചുവിട്ട തീരുമാനം സർക്കാർ എത്രയും വേഗം പിൻവലിച്ച് പുനഃസ്ഥാപിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു.