Dark Mode

ലോക കേരളസഭ നിർത്തിയത് പ്രവാസികളോടുള്ള നീതികേട്; തീരുമാനം പുനഃപരിശോധിക്കണം: ടി.വി. ഹിക്മത്ത്

ലോക കേരളസഭ നിർത്തിയത് പ്രവാസികളോടുള്ള നീതികേട്; തീരുമാനം പുനഃപരിശോധിക്കണം: ടി.വി. ഹിക്മത്ത്

കുവൈത്ത്സിറ്റി: ലോക കേരളസഭ തുടരില്ലെന്ന സർക്കാരിന്റെ പ്രഖ്യാപനം പ്രവാസികളുടെ പ്രശ്നങ്ങൾ സർക്കാരുമായി നേരിട്ട് ചർച്ച ചെയ്യാനുള്ള വലിയൊരു അവസരമാണ് ഇല്ലാതാക്കുന്നതെന്ന് സാമൂഹിക പ്രവർത്തകനും ലോക കേരളസഭാംഗവുമായ ടി.വി. ഹിക്മത്ത് പറഞ്ഞു. പ്രവാസ ലോകത്ത് പ്രതിസന്ധി സൃഷ്ടിക്കുന്ന ഇത്തരം തീരുമാനങ്ങൾ പുനഃപരിശോധിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൊഴിൽ പ്രതിസന്ധി, വർദ്ധിച്ചുവരുന്ന ചികിത്സാച്ചെലവുകൾ, പ്രവാസത്തിനു ശേഷമുള്ള പുനരധിവാസം തുടങ്ങി പ്രവാസികളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് ഒരേ വേദിയിൽ ഉന്നയിക്കാൻ കഴിഞ്ഞിരുന്ന സംവിധാനമാണ് ലോക കേരളസഭ. സർക്കാർ വകുപ്പുകളുടെ ശ്രദ്ധയിലേക്ക് ആവശ്യങ്ങൾ നേരിട്ടെത്തിക്കാനും അവയിൽ കൃത്യമായ തുടർനടപടികൾ ഉറപ്പാക്കാനും ഈ വേദിയിലൂടെ സാധിച്ചിരുന്നു. നിലവിലെ സംവിധാനം പൂർണ്ണമായും അവസാനിപ്പിക്കാനുള്ള തീരുമാനം പ്രവാസി സമൂഹത്തിനിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ലോക കേരളസഭ നിർത്തിവെക്കുന്നതിന് പകരം, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും കൂടുതൽ പ്രാതിനിധ്യം നൽകി സഭയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതോടൊപ്പം ചർച്ചകളിൽ ഉയരുന്ന നിർദേശങ്ങളിൽ സമയബന്ധിതമായ തുടർനടപടികൾ ഉറപ്പാക്കാനുള്ള സംവിധാനവും ഉണ്ടാകണം. പ്രവാസികളുടെ കൂട്ടായ ശബ്ദം കേൾക്കാനും അവരുടെ ആവശ്യങ്ങൾ പ്രാവർത്തികമാക്കാനും ഉപകരിക്കുന്ന ലോക കേരളസഭ നിലനിർത്താൻ സർക്കാർ തയ്യാറാകണമെന്നും ഹിക്മത്ത് കൂട്ടിച്ചേർത്തു.