ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് രൂക്ഷമായ വിമർശനത്തിന് വിധേയമായ ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രവാസി സംഘടനകളുടെയും സമ്മർദത്തെ തുടർന്ന് സംസ്ഥാന സർക്കാർ ലോക കേരളസഭ തുടരാൻ തീരുമാനിച്ചിരിക്കുന്നു എന്ന തരത്തിലാണ് രാവിലെ മുതൽ വാർത്ത പരന്നത്.
ഇത് തെറ്റാണെന്നും, ലോക കേരളസഭയുടെ ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും ഓഫീസ് വ്യക്തമാക്കി. ലോക കേരളസഭാ സെക്രട്ടറിയേറ്റിന് നിലവിൽ ഓഫീസുണ്ട്. അവിടുത്തെ ഭരണനിർവഹണ (അഡ്മിനിസ്ട്രേറ്റീവ്) ചെലവുകൾക്കും നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്കും മാത്രമായി നിലവിൽ 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതേസമയം, പ്രവാസി ക്ഷേമ പദ്ധതികൾ സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണെന്നും, അത്തരം നിർദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിച്ചിട്ടുള്ളതെന്നും ഓഫീസ് അറിയിച്ചു.