കുവൈത്തില്‍'അമ്മയ്ക്കായി ഒരു വൃക്ഷം'പദ്ധതി 19-ന് തുടക്കമാകും; അദൈലിയ പാര്‍ക്കില്‍ ഉദ്ദ്ഘാടനം ഇന്ത്യന്‍ സ്ഥാനപതി നിര്‍വ്വഹിക്കും
കുവൈറ്റ് സിറ്റി: ഭാരത സർക്കാരിന്റെ 'Ek Ped Maa Ke Naam' (അമ്മയ്ക്കായി ഒരു വൃക്ഷം) പദ്ധതിയുടെ കുവൈറ്റ്തല ഉദ്ഘാടനം സെപ്റ്റംബർ 19-ന് നടക്കും. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയും PAAFR അംഗീകാരത്തോടെയും ARMS4U (Active Resource Management Society) ആണ് ഹരിതപദ്ധതി നടപ്പാക്കുന്നത്. സെപ്റ്റംബർ 19-ന് അദൈലിയ പാർക്കിൽ നടക്കുന്ന ചടങ്ങിൽ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപതി ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ARMS4U ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അമ്മയോടുള്ള സ്നേഹവും പ്രകൃതിയോടുള്ള ഉത്തരവാദിത്തവും ഒരേ സന്ദേശത്തിൽ കോർത്തിണക്കി ഭാരത സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി അഞ്ച് പൊതു ഉദ്യാനങ്ങളിലായി 500 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. പദ്ധതിക്ക് കുവൈത്തിലെ Public Authority for Agriculture Affairs and Fish Resources (PAAFR)-ന്റെ പൂർണ്ണ അംഗീകാരം ലഭിച്ചിട്ടുണ്ട്.
കുവൈറ്റിലെ ഏക പരിസ്ഥതി പ്രവാസി സംഘടനയായ ARMS4U ആണ് പ്രചാരണത്തിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി വൃക്ഷത്തൈ നടീൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.
കുവൈറ്റിന്റെ ഹരിതമേഖല വിപുലീകരിക്കുന്നതിനും നഗരപരിസ്ഥിതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടുന്നതിനും ഈ കൂട്ടായ്മയിലൂടെ ശ്രദ്ധേയമായ സംഭാവന നൽകാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഭാരവാഹികൾ പറഞ്ഞു. 12 ഇന്ത്യൻ പ്രവാസി സംഘടനകളും സ്ഥാപനങ്ങളും ഈ പരിസ്ഥിതി സംരക്ഷണ പദ്ധതിയിൽ സജീവ പങ്കാളികളാണ്.
അദൈലിയ പാർക്കിന് പുറമെ മറ്റ് നാല് ഉദ്യാനങ്ങളിൽ ഘട്ടംഘട്ടമായി തൈകൾ നടും. ഓരോ വൃക്ഷവും ഭാവിതലമുറയ്ക്കായി നിക്ഷേപിക്കുന്ന പച്ചപ്പിന്റെ പ്രതീകമാകണമെന്നും ,പരിസ്ഥിതി സംരക്ഷണം ഏതാനും സംഘടനകളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ വ്യക്തിക്കും സമൂഹത്തിനും അതിൽ നിർണായക പങ്കുണ്ടെന്നും ഓർമ്മിപ്പിക്കുന്നതാണ് ഈ പ്രചാരണം.
കഴിഞ്ഞ 11 വര്‍ഷങ്ങളായി കുവൈത്തിലും തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ARMS4U .പ്രകൃതി സംരക്ഷണത്തോടെ ഒപ്പം ജീവകാരുണ്യപ്രവര്‍ത്തനത്തിലും സംഘടന ഇടപ്പെടലുകള്‍ നടത്താറുണ്ടന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് രമേഷ് നായർ, സെക്രട്ടറി മനോജ് കുമാർ, ട്രഷറർ ഡോ. കൃഷ്ണ കുമാർ, പ്രോഗ്രാം കൺവീനർ അലക്സ് ജോൺ, അഡ്വൈസർ വട്ടിയൂർക്കാവ് കൃഷ്ണ കുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് ജെ. ആർ., ദിനുജി എന്നിവർ പങ്കെടുത്തു.