Dark Mode

മരുന്നെന്ന പേരില്‍ ലഹരിക്കടത്ത്: കുവൈത്തില്‍ മൂന്ന് പേര്‍ പിടിയില്‍; മറ്റുള്ളവരുടെ ലഗേജുകള്‍ വാങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം

മരുന്നെന്ന പേരില്‍ ലഹരിക്കടത്ത്: കുവൈത്തില്‍ മൂന്ന് പേര്‍ പിടിയില്‍; മറ്റുള്ളവരുടെ ലഗേജുകള്‍ വാങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്ത്‌സിറ്റി: കുവൈത്തിലേക്കോ വിദേശത്തേക്കോ യാത്ര ചെയ്യുന്ന സ്വദേശികളും വിദേശികളുമായ യാത്രക്കാര്‍ മറ്റുള്ളവരുടെ ലഗേജുകളോ ബാഗുകളോ പാഴ്സലുകളോ യാതൊരു കാരണവശാലും കൊണ്ടുപോകരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന മുന്നറിയിപ്പ്. യാത്രക്കാരുടെ നല്ല മനസ്സും വിശ്വാസവും മുതലെടുത്ത് മയക്കുമരുന്നുകളും നിരോധിത ലഹരിവസ്തുക്കളും കടത്താന്‍ മയക്കുമരുന്ന് മാഫിയകള്‍ ശ്രമിച്ചേക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വ്യാജ ന്യായീകരണങ്ങള്‍ പറഞ്ഞോ വ്യക്തിബന്ധങ്ങള്‍ മുതലെടുത്തോ സാധനങ്ങള്‍ എത്തിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടാല്‍ അതിന് വഴങ്ങരുതെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം നിരോധിത വസ്തുക്കള്‍ അതിര്‍ത്തി കടത്തിക്കൊണ്ടുപോകാന്‍ വിവിധ രീതിയിലുള്ള ഒളിച്ചുകടത്തല്‍ തന്ത്രങ്ങളാണ് മാഫിയകള്‍ ഉപയോഗിക്കുന്നത്. ഇത് അറിയാതെ സാധനങ്ങള്‍ കൊണ്ടുപോകുന്ന യാത്രക്കാരെ വലിയ നിയമനടപടികളിലേക്കും ക്രിമിനല്‍ കുറ്റങ്ങളിലേക്കും തള്ളിയിടും.
മരുന്നുകളാണെന്ന് വിശ്വസിപ്പിച്ച് നല്‍കിയ പാത്രങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ ലഹരിവസ്തുക്കളുമായി എത്തിയ മൂന്ന് യാത്രക്കാരെ കഴിഞ്ഞ ദിവസം കുവൈത്തിലെ വിവിധ പ്രവേശന കവാടങ്ങളില്‍ നിന്ന് പിടികൂടിയതായി മന്ത്രാലയം അറിയിച്ചു. കുവൈറ്റിലുള്ളവര്‍ക്ക് നല്‍കാനായി വിദേശത്തുനിന്നുള്ള ചില വ്യക്തികളാണ് മരുന്നുകളാണെന്ന് പറഞ്ഞ് ഇവ തങ്ങള്‍ക്ക് കൈമാറിയതെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തി. എന്നാല്‍ വിശദമായ പരിശോധനയിലാണ് മരുന്ന് പാത്രങ്ങള്‍ക്കുള്ളില്‍ മയക്കുമരുന്നും ലഹരിവസ്തുക്കളുമാണെന്ന് കണ്ടെത്തിയത്.
പിടികൂടിയ പ്രതികളെയും ലഹരിവസ്തുക്കളും കൂടുതല്‍ അന്വേഷണത്തിനും തുടര്‍ നിയമനടപടികള്‍ക്കുമായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.