Dark Mode

അതിവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചയാള്‍ അറസ്റ്റില്‍; പിടിച്ചെടുത്ത വാഹനം കണ്ടുകെട്ടി തകര്‍ത്തു

അതിവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചയാള്‍ അറസ്റ്റില്‍; പിടിച്ചെടുത്ത വാഹനം കണ്ടുകെട്ടി തകര്‍ത്തു

കുവൈത്ത്‌സിറ്റി: സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന രീതിയില്‍ അശ്രദ്ധമായി വാഹനമോടിച്ച വ്യക്തിയെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്ത് സെന്‍ട്രല്‍ ജയിലിലാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം ആഭ്യന്തര മന്ത്രാലയം അധികൃതര്‍ കണ്ടുകെട്ടുകയും ചെയ്തു. തുടര്‍ന്ന്, പ്രതിയുടെ സാന്നിധ്യത്തില്‍ തന്നെ ഈ വാഹനം ക്രഷര്‍ ഉപയോഗിച്ച് പൂര്‍ണ്ണമായും തകര്‍ത്തു.

ട്രാഫിക് നിയമവും ശിക്ഷയും (ആര്‍ട്ടിക്കിള്‍ 33 ബിസ്):

ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 33 (ബിസ്) അനുസരിച്ച്, മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയില്‍ അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്:

തടവുശിക്ഷ: ഒരു വര്‍ഷത്തില്‍ കൂടുതലും മൂന്ന് വര്‍ഷം വരെയുമുള്ള തടവുശിക്ഷ.

പിഴ തുക: 600 ദീനാര്‍ മുതല്‍ 1,000 ദീനാര്‍ വരെ പിഴ.

കോടതിക്ക് സ്വന്ത നിലയിലോ ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമോ കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പൂര്‍ണ്ണമായും കണ്ടുകെട്ടാന്‍ ഉത്തരവിടാവുന്നതാണ്.

റോഡ് ഉപയോക്താക്കളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള നിയമലംഘനങ്ങള്‍ക്കെതിരെ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ശക്തമായ മുന്നറിയിപ്പ് നിലവിലുണ്ട്.