Dark Mode

കുവൈത്ത് മഹാ ഇടവക ‘സപ്തതി സംഗമം 2026' പുതുപ്പള്ളിയില്‍ സംഘടിപ്പിച്ചു

കുവൈത്ത് മഹാ ഇടവക ‘സപ്തതി സംഗമം 2026' പുതുപ്പള്ളിയില്‍ സംഘടിപ്പിച്ചു

കുവൈത്ത്‌സിറ്റി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കല്‍ക്കത്താ ഭദ്രാസനത്തിന്റെ കീഴിലുള്ള കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ച 'കുവൈത്ത് മഹാ ഇടവക സപ്തതി സംഗമം 2026'ന്റെ ഉദ്ഘാടനം മലങ്കര സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ് നിര്‍വഹിച്ചു.
കല്‍ക്കത്താ ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ച സംഗമത്തില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍ എം.എല്‍.ഇ., കൊല്ലം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, മലങ്കര സഭയുടെ അല്‍മായ ട്രസ്റ്റി റോണി വര്‍ഗീസ് എബ്രഹാം എന്നിവര്‍ വിശിഷ്ട അതിഥികളായി പങ്കെടുത്തു. കുവൈത്ത് മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കല്‍ സ്വാഗതവും, സപ്തതി ജനറല്‍ കണ്‍വീനര്‍ മാത്യൂസ് വര്‍ഗ്ഗീസ് നന്ദിയും രേഖപ്പെടുത്തി. മഹാ ഇടവക ട്രസ്റ്റി ജെറി ജോണ്‍ കോശി, സെക്രട്ടറി ടിജു അലക്‌സ് പോള്‍, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ തോമസ് കുരുവിള, പോള്‍ വര്‍ഗ്ഗീസ്, സപ്തതി ഫിനാന്‍സ് കണ്‍വീനര്‍ നവീന്‍ കുര്യന്‍ തോമസ്, പ്രോഗ്രം കണ്‍വീനര്‍ ബിനു ബെന്ന്യാം എന്നിവര്‍ ചടങ്ങില്‍ സന്നിതരായിരുന്നു. മഹാ ഇടവക മുന്‍ വികാരിമാരെയും, ഭരണസാരഥ്യം വഹിച്ചവരെയും യോഗത്തില്‍ ആദരിച്ചു. കീസ് ബാന്‍ഡ് അവതരിപ്പിച്ച ക്രൈസ്തവ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭജന സപ്തതി സംഗമത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു.
പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സംഗമത്തില്‍ കുവൈറ്റ് മഹാ ഇടവകയുടെ മുന്‍ വികാരിമാര്‍, ട്രസ്റ്റിമാര്‍, സെക്രട്ടറിമാര്‍, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, കുവൈറ്റിലെ പ്രവാസത്തിനുശേഷം നാട്ടില്‍ സ്ഥിര താമസമാക്കിയ മുന്‍ അംഗങ്ങള്‍, അവധിക്ക് നാട്ടിലെത്തിയ ഇടവകാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.