കുവൈത്ത് ഫയര്‍ ഫോഴ്സില്‍ വിദേശികളായ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ അനുമതി
കുവൈത്ത് സിറ്റി: കുവൈത്ത് ഫയര്‍ ഫോഴ്സില്‍ (കെ.എഫ്.എഫ്) വിദേശികളായ നോണ്‍-കമ്മീഷന്‍ഡ് ഫയര്മാന്മാരെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകളും ചട്ടങ്ങളും സംബന്ധിച്ച മന്ത്രിതല ഉത്തരവ് പുറത്തിറങ്ങി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഔദ്യോഗിക ഗെസറ്റായ 'കുവൈത്ത് അല്‍ യൗം' ഞായറാഴ്ച പതിപ്പിലാണ് പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചത്.
പ്രധാന വ്യവസ്ഥകള്‍:
കുവൈത്ത് പൗരത്വ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 13, ക്ലോസ് 4 പ്രകാരം പൗരത്വം റദ്ദാക്കപ്പെട്ട വ്യക്തികള്‍ക്ക് കുവൈത്ത് ഫയര്‍ ഫോഴ്സില്‍ നിയമനം നേടാന്‍ അര്‍ഹതയുണ്ട്.
സുരക്ഷാ പരിശോധനകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. കെ.എഫ്.എഫ് മേധാവിയാണ് ഇത് സംബന്ധിച്ച അനുമതി നല്‍കുന്നത്.
കെ.എഫ്.എഫ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മുന്‍പ് നേടിയിട്ടുള്ള പരിശീലന കോഴ്സുകളും പ്രൊഫഷണല്‍ യോഗ്യതകളും തസ്തിക നിര്‍ണ്ണയത്തിനായി പരിഗണിക്കും.
നിയമിക്കപ്പെടുന്നവര്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് ഫയര്‍ ഫോഴ്സില്‍ സേവനം അനുഷ്ഠിക്കാന്‍ ബാധ്യസ്ഥരാണ്. പിന്നീട് ഇത് പുതുക്കാവുന്നതാണ്.
നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ ഫയര്‍ ഫോഴ്സിന്റെ എല്ലാ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയരായിരിക്കും. വകുപ്പിന്റെ ആവശ്യാനുസരണം ഇവരെ മറ്റ് ചുമതലകളിലേക്ക് മാറ്റാന്‍ കെ.എഫ്.എഫ് മേധാവിക്ക് അധികാരമുണ്ട്.