കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട: 150 ദശലക്ഷം ദിനാർ വിലമതിക്കുന്ന ലിറിക്ക ശേഖരം പിടിച്ചെടുത്തു
കുവൈത്ത്സിറ്റി: കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലൂടെ വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയതായി ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അറിയിച്ചു. ലഹരിമരുന്നായ ലിറിക്ക (Lyrica) നിർമ്മിക്കാൻ ഉപയോഗിക്കുന്ന അഞ്ച് ടണ്ണോളം അസംസ്കൃത പൊടിയും വിൽപനയ്ക്ക് തയ്യാറാക്കിയ ഏകദേശം നാല്പത് ലക്ഷത്തോളം (4 Million) ക്യാപ്സൂളുകളുമാണ് സെക്യൂരിറ്റി വിഭാഗം പിടിച്ചെടുത്തത്."നിങ്ങളെ സംരക്ഷിക്കുന്ന മാതൃരാജ്യം" (A Homeland That Protects You) എന്ന ദേശീയ ലഹരിവിരുദ്ധ അവബോധ ക്യാമ്പയിന്റെ സമാപന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന്റെ ശക്തമായ പരിശോധനയിലൂടെയും ജാഗ്രതയിലൂടെയുമാണ് രാജ്യത്തിന് നേരെ വന്ന വൻ സുരക്ഷാ ഭീഷണി തടയാനായതെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു.
പ്രധാന വിവരങ്ങൾ:
വിലമതിപ്പ്: പിടിച്ചെടുത്ത ലഹരിമരുന്നുകൾക്ക് വിപണിയിൽ ഏകദേശം 150 ദശലക്ഷം കുവൈത്ത് ദിനാർ (ഏകദേശം 485.9 ദശലക്ഷം യു.എസ് ഡോളർ) വിലമതിപ്പ് വരും.
ഫാക്ടറി കണ്ടെത്തി: ലഹരിമരുന്ന് നിർമ്മാണത്തിനും അവ ക്യാപ്സൂളുകളിലാക്കി പാക്ക് ചെയ്യുന്നതിനുമായി പ്രവർത്തിച്ചിരുന്ന അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ഫാക്ടറിയും മെഷീനറികളും പരിശോധനയിൽ കണ്ടെത്തി.
കൂട്ടുത്തരവാദിത്തം: കുവൈത്തിലെ യുവതലമുറയെ മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് സംരക്ഷിക്കേണ്ടത് കേവലം ഭരണകൂടത്തിന്റെ മാത്രം ചുമതലയല്ലെന്നും, അത് സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മയക്കുമരുന്ന് സൃഷ്ടിക്കുന്ന അപകടം വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളെയും രാജ്യത്തിന്റെ ഭാവിെയയുമാണ് ബാധിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.