കുവൈത്ത് എയർപോർട്ട് ടി2 പദ്ധതി വേഗത്തിലാക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള
കുവൈറ്റ് സിറ്റി: നിർമ്മാണത്തിലിരിക്കുന്ന കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ 2 (T2) പദ്ധതിപ്രദേശം സന്ദർശിച്ച് കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹ് നിർമ്മാണ പുരോഗതി വിലയിരുത്തി. വിവിധ മന്ത്രിമാർക്കൊപ്പം ടെർമിനലിൽ വെച്ച് നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പരിശോധനാ സന്ദർശനം.
പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുള്ള അലി അബ്ദുള്ള അൽ-സലേം അൽ-സബാഹ്, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ മുഹമ്മദ് അൽ-മിശാൻ, സിവിൽ ഏവിയേഷൻ (DGCA) ചെയർമാൻ ഷെയ്ഖ് ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-ജാബർ അൽ-സബാഹ്, പ്രോജക്ട് മാനേജർമാർ എന്നിവരിൽ നിന്ന് പ്രധാനമന്ത്രി പദ്ധതിയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.
പാസഞ്ചർ ടെർമിനൽ നിർമ്മാണം, സർവീസ് കെട്ടിടങ്ങൾ, പാർക്കിംഗ് സൗകര്യങ്ങൾ, റൺവേ, ടാക്സിവേകൾ തുടങ്ങിയ പ്രധാന മൂന്ന് ഘട്ടങ്ങളുടെയും നിർമ്മാണ പുരോഗതി യോഗത്തിൽ വിലയിരുത്തി.
വ്യോമയാന മേഖലയിലെ വൻ കുതിച്ചുചാട്ടം: കുവൈറ്റിന്റെ സുപ്രധാന വികസന പദ്ധതികളിലൊന്നാണ് ടി2 ടെർമിനൽ എന്നും, രാജ്യത്തിന്റെ വ്യോമയാന മേഖലയിൽ ഇതൊരു വലിയ മാറ്റത്തിന് വഴിതുറക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം: പദ്ധതി തടസ്സങ്ങളില്ലാതെ നിർദ്ദിഷ്ട സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് മന്ത്രാലയവും മറ്റ് സർക്കാർ വകുപ്പുകളും തമ്മിൽ ശക്തമായ ഏകോപനം വേണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ആഭ്യന്തര മന്ത്രാലയം, ധനകാര്യ മന്ത്രാലയം, സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ, ഫത്വ ആൻഡ് ലെജിസ്ലേഷൻ ഡിപ്പാർട്ട്മെന്റ്, സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് തുടങ്ങി പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന എല്ലാ സർക്കാർ വകുപ്പുകളുടെയും ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു.