ഒരേ വേദി, വ്യത്യസ്ത ദൗത്യം; ബ്രസീലിലേ ലോക കരാട്ടെ ചാമ്പ്യന്ഷിപ്പിലേക്ക് മലയാളികളായ അച്ഛനും മകനും
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ബ്രസീലിലേക്ക് ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അച്ഛനും മകനും. ജപ്പാൻ കരാട്ടെ ഷോട്ടോ ഫെഡറേഷൻ (JKS) വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാണ് തൃശൂർ മുല്ലശ്ശേരി ഷാവോലിൻ സ്വദേശികളായ നൈനാൻ തോമസ് വിതയത്തിലും മകൻ ഷാവോലിൻ തോമസ് വിതയത്തിലും യാത്രതിരിക്കുന്നത്.ഓഗസ്റ്റ് 20 മുതൽ 23 വരെ ബ്രസീലിലാണ് മത്സരം.
കാൽ നൂറ്റാണ്ടിലേറെയായി കുവൈത്തിലുള്ള നൈനാൻ തോമസ് വിതയത്തിൽ, JKS കുവൈത്ത് & JKS ഇന്ത്യ ഷാവോലിൻ അക്കാദമിയുടെ ചെയർമാനും ചീഫ് ഇൻസ്ട്രക്ടറുമാണ്. നൈനാൻ തോമസ് വിതയത്തിൽ ചാമ്പ്യൻഷിപ്പിന്റെ റഫറി കമ്മിറ്റി അംഗമായാണ് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.തന്റെ ശിഷ്യനും മകനുമായ ഷാവോലിൻ തോമസ് വിതയത്തിൽ മൂന്ന് മത്സര ഇനങ്ങളിൽ കുവൈത്തിനെ പ്രതിനിധീകരിക്കും.
ഇൻഡിവിജ്വൽ കുമിത്തെ (Individual Kumite), കാറ്റ (Kata), JKS കൊട്ടൻ കാറ്റ (JKS Koten Kata) എന്നീ വിഭാഗങ്ങളിലാണ് ഷാവോലിൻ തോമസ് മത്സരിക്കുന്നത്.
ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ഷാവോലിൻ തോമസ്. 2022-ൽ ജപ്പാനിലെ ടോക്കിയോയിൽ നടന്ന മത്സരത്തിൽ മൂന്ന് റൗണ്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. കൂടാതെ ദുബായിലും കുവൈത്തിലുമായി നടന്ന വിവിധ മത്സരങ്ങളിലും ഈ പ്ലസ് ടു വിദ്യാർഥി പങ്കെടുത്തിട്ടുണ്ട്.
പരിശീലകന്റെയും റഫറിയുടെയും റോളിൽ അച്ഛനും മത്സരാർഥിയായി മകനും ഒരുമിച്ച് JKS ലോക വേദിയിൽ എത്തുന്നത് കുവൈത്തിലെ മലയാളി സമൂഹത്തിനും തൃശൂർ മുല്ലശ്ശേരിക്കും ഒരുപോലെ അഭിമാനനേട്ടമാണ്.
കുവൈത്തിൽ എത്തുന്നതിന് മുമ്പുതന്നെ കരാട്ടെയോട് വലിയ ആരാധനയായിരുന്നു നൈനാന്. ആയോധനകലയോടുള്ള തന്റെ ആവേശം മൂലമാണ് നാടിന് ‘ഷാവോലിൻ’ എന്ന പേര് ലഭിച്ചതെന്ന് നൈനാൻ പറയുന്നു.നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രസ്തുത പ്രദേശം കിസാൻ റോഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് ആധാർ കാർഡിലടക്കം ഷാവോലിൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ പേര് തന്നെയാണ് തന്റെ മകനും നൽകിയിരിക്കുന്നതെന്നും നൈനാൻ കൂട്ടിച്ചേർത്തു.
നാട്ടിൽ ഷാവോലിനിൽ തന്നെ JKS ഇന്ത്യ ഷാവോലിൻ അക്കാദമി നടത്തുന്നുമുണ്ട് നൈനാൻ.
കുവൈത്തിൽ എത്തിയ കാലം മുതൽ കരാട്ടെ പരിശീലന രംഗത്ത് സജീവമാണ് നൈനാൻ തോമസ്. ജപ്പാനിൽ കരാട്ടെയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വർഷമായി ഉപരിപഠനത്തിനായി പോകുന്നുണ്ട്. അടുത്ത നവംബറിൽ ആറാം ഡാൻ ഗ്രേഡിംഗിനും പങ്കെടുക്കുന്നുണ്ട്.
ഹവല്ലി കേന്ദ്രീകരിച്ച് അംഗീകൃത കരാട്ടെ പരിശീലന സ്ഥാപനവും അദ്ദേഹം നടത്തി വരുന്നു. അതോടൊപ്പം കുവൈത്തിലെ നിരവധി ഇന്ത്യൻ സ്കൂളുകളിലും പരിശീലനം നൽകുന്നുണ്ട്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ കരാട്ടെ താരങ്ങളും പരിശീലകരും മാറ്റുരയ്ക്കുന്ന ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഈ അച്ഛനും മകനും.കുവൈത്തിൽ നിന്ന് ഇവരുടെ ശിക്ഷണത്തിലുള്ള ഗോവൻ സ്വദേശിയായ വെയിൻ എന്ന വിദ്യാർഥിയും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.
ഞായറാഴ്ച (16-ന്) കുവൈത്തിൽ നിന്ന് ഇവര് ബ്രസീലിലേക്ക് യാത്ര തിരിക്കും.