Dark Mode

ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ദേശഭക്തിയോടെ കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ ആഘോഷിച്ചു

ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ദേശഭക്തിയോടെ കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ ആഘോഷിച്ചു
അംബാസഡര്‍ പരമിത ത്രിപതി ദേശീയപതാക ഉയര്‍ത്തുന്നു

കുവൈത്ത്‌സിറ്റി: ദയ്യായിലുള്ള കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ദേശഭക്തി നിറവില്‍ ആഘോഷിച്ചു. രാവില 7-മണിക്ക് എംബസി വളപ്പില്‍ അംബാസഡര്‍ പരമിത ത്രിപതി സ്വാതന്ത്ര്യസമര സേനാനികള്‍ക്കായുള്ള സ്മാരക 'ശിലാഫലക'ത്തിലും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
തുടര്‍ന്ന് 'വന്ദേമാതരം' ആലപിച്ച ശേഷം, അംബാസഡര്‍ ദേശീയപതാക ഉയര്‍ത്തി. ദേശീയഗാനമായ 'ജനഗണ മന' ആലപിക്കുകയും ചെയ്തു.'വികസിത് ഭാരത് 2047' എന്ന ലക്ഷ്യത്തിന് കീഴില്‍ ഭാരതം കൈവരിച്ച നേട്ടങ്ങളും,സമഗ്രവികസനത്തിലേക്കുള്ള തുടര്‍ച്ചയായ പ്രയാണവും ഉള്‍പ്പെടുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന്റെ സന്ദേശം അംബാസഡര്‍ വായിച്ചു.
പരസ്പര ബഹുമാനവും സദ്ഭാവനയും ശക്തമായ ജനങ്ങള്‍ തമ്മിലുള്ള ബന്ധവും അടിവരയിടുന്ന ഇന്ത്യ-കുവൈത്ത് സൗഹൃദത്തെക്കുറിച്ച് അംബാസഡര്‍ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വിലയേറിയ സംഭാവനകളെയും അവര്‍ പ്രശംസിച്ചു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ''മൈ ഇന്ത്യ, മൈ സ്റ്റോറി'' ക്രിയേറ്റീവ് ക്യാമ്പയിന്‍, ''ഇന്ത്യ ത്രൂ മൈ ലെന്‍സ്'' ഫോട്ടോഗ്രാഫി മത്സരം, ''പെയിന്റ് യുവര്‍ വിഷന്‍ ഓഫ് വികസിത് ഭാരത് 2047'' പെയിന്റിംഗ് മത്സരം എന്നിവ എംബസി സംഘടിപ്പിച്ചിരുന്നു. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് വലിയ പ്രതികരണമാണ് ഈ മത്സരങ്ങള്‍ക്ക് ലഭിച്ചത്. മൂന്ന് മത്സരങ്ങളിലെയും വിജയികള്‍ക്ക് അംബാസഡര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയിലും രണ്ടായിരത്തിലധികം പേര്‍ ആഘോഷത്തില്‍ സംബന്ധിക്കാന്‍ എത്തിയിരുന്നു.
അംബാസഡര്‍  പരമിത ത്രിപതി പ്രസംഗിക്കുന്നു- Picture Credit.Embassy of India Kuwait
അംബാസഡര്‍ പരമിത ത്രിപതി പ്രസംഗിക്കുന്നു- Picture Credit.Embassy of India Kuwait