വീട് വ്യാജ ക്ലിനിക്കാക്കി പ്രവര്‍ത്തിപ്പിച്ചു: അസര്‍ബൈജാന്‍ സ്വദേശിനി കുവൈത്തില്‍ പിടിയില്‍
കുവൈത്ത്‌സിറ്റി (ഓഗസ്റ്റ് 13): ലൈസന്‍സില്ലാതെ വൈദ്യപരിശോധന നടത്തുകയും സ്വന്തം വീട് അനധികൃത ക്ലിനിക്കായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്ത അസര്‍ബൈജാന്‍ സ്വദേശിനിയെ കുവൈത്ത് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ജാബര്‍ അല്‍-അഹമ്മദ് സിറ്റിയിലെ സ്വകാര്യ വസതി കേന്ദ്രീകരിച്ചാണ് ഇവര്‍ പണം വാങ്ങി നിയമവിരുദ്ധമായി ക്ലിനിക്ക് നടത്തിവന്നിരുന്നത്.
ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. ആവശ്യമായ അനുമതികളോ ലൈസന്‍സോ ഇല്ലാതെ ഇവര്‍ രോഗികളെ വീട്ടില്‍ സ്വീകരിക്കുകയും പരിശോധനകള്‍ നടത്തുകയും മരുന്നുകള്‍ ഉണ്ടാക്കി വില്‍ക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷം നിയമപരമായ അനുമതി വാങ്ങിയ പോലീസും വനിതാ പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘം വീട് വളഞ്ഞ് റെയ്ഡ് നടത്തുകയായിരുന്നു. ചികിത്സ നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.
വീട് സജ്ജീകരിച്ചത് ആശുപത്രി മാതൃകയില്‍:
വസതിയുടെ ഒരു ഭാഗം പൂര്‍ണ്ണമായും ക്ലിനിക്ക് മാതൃകയില്‍ സജ്ജീകരിച്ച നിലയിലായിരുന്നു. മരുന്നുകള്‍ വ്യാജമായി നിര്‍മ്മിക്കാനുള്ള മിശ്രിതങ്ങള്‍, ലേബലുകള്‍ തുടങ്ങിയ ഇവിടുന്ന് കണ്ടെത്തിയിട്ടുണ്ട്.
റെയ്ഡില്‍ പിടിച്ചെടുത്ത വസ്തുക്കള്‍:
11,651 കുവൈറ്റി ദീനാര്‍
മെഡിക്കല്‍ പരിശോധനാ ബെഡ്
വിവിധ വൈദ്യപരിശോധനാ ഉപകരണങ്ങള്‍.
ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന വൈറ്റ് കോട്ട്.
രോഗികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍.
വ്യാജ മരുന്നുകള്‍ ഉണ്ടാക്കാനുള്ള മിശ്രിതങ്ങളും ലേബലുകളും നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍.
ചോദ്യം ചെയ്യലില്‍, താന്‍ ലൈസന്‍സില്ലാതെ അനധികൃതമായി ക്ലിനിക്ക് പ്രവര്‍ത്തിപ്പിച്ചതായും രോഗികളില്‍ നിന്ന് 5 ദീനാര്‍ മുതല്‍ 30 ദീനാര്‍ വരെ ഈടാക്കി വൈദ്യപരിശോധനയും നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നതായും പ്രതി സമ്മതിച്ചു.
കേസില്‍ ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കൂടുതല്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.