Dark Mode

ഡ്രൈവിംഗ് ലൈസന്‍സിന് ‘വ്യാജന്‍’ നല്‍കി; കുവൈത്തില്‍ ലെബനീസ് യുവതിയെ നാടുകടത്തും

ഡ്രൈവിംഗ് ലൈസന്‍സിന് ‘വ്യാജന്‍’ നല്‍കി; കുവൈത്തില്‍ ലെബനീസ് യുവതിയെ നാടുകടത്തും

കുവൈത്ത്‌സിറ്റി : ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കാന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ലെബനീസ് യുവതിയെ കുവൈറ്റില്‍ നിന്ന് നാടുകടത്താന്‍ (Deportation) നടപടി ആരംഭിച്ചു. റസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് 35 വയസുള്ള യുവതിയെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് കൈമാറ്റിയത്.
ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷയ്ക്കായി യുവതി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അന്വേഷണത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടാക്കിയ ഈ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇവര്‍ ലൈസന്‍സിന് അപേക്ഷിച്ചതെന്നും ജോലിമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും കണ്ടെത്തി.
കുറ്റസമ്മതം:
ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. തനിക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമേയുള്ളൂവെന്നും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനുള്ള സര്‍വ്വകലാശാല ബിരുദ യോഗ്യത ഇല്ലാത്തതിനാലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും ഇവര്‍ വെളിപ്പെടുത്തി.
ലെബനനിലുള്ള ഒരു സ്വദേശി വഴിയാണ് ഇവര്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്. ഇതിനായി 1,200 ഡോളര്‍ (ഏകദേശം 1 ലക്ഷത്തോളം രൂപ) നല്‍കിയതായും ഇവര്‍ സമ്മതിച്ചു. സര്‍ട്ടിഫിക്കറ്റ് തയാറാക്കിയതിനെക്കുറിച്ചുള്ള വിവരങ്ങളും ഇവര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
കര്‍ശന പരിശോധന:
വിദേശികള്‍ ജോലി മാറ്റത്തിനും തസ്തിക മാറ്റത്തിനും സമര്‍പ്പിക്കുന്ന വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രാലയം കൂടുതല്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ഡിജിറ്റല്‍ ഡാറ്റാബേസുകള്‍ പരസ്പരം ബന്ധിപ്പിച്ചാണ് വ്യാജ രേഖകള്‍ കണ്ടെത്തുന്നതെന്ന് സുരക്ഷാ വൃത്തങ്ങള്‍ വ്യക്തമാക്കി.