കുവൈത്ത് എയര്‍പോര്‍ട്ടില്‍ വന്‍ ലഹരിമരുന്ന് വേട്ട; 4,255 ക്യാപ്റ്റഗണ്‍ ഗുളികകളുമായി സിറിയന്‍ വിമാനത്തിലെത്തിയ യാത്രികന്‍ പിടിയില്‍
കുവൈത്ത്‌സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 5-ല്‍ (T5) കസ്റ്റംസ് ഉദ്ദ്യോഗ്‌സഥര്‍ നടത്തിയ പരിശോധനയില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. സിറിയയില്‍ നിന്നെത്തിയ ഒരു സ്വകാര്യ വിമാനത്തിലെ യാത്രികന്റെ ലഗേജില്‍ നിന്ന് 4,255 ക്യാപ്റ്റഗണ്‍ (Captagon) ഗുളികകളാണ് കസ്റ്റംസ് സംഘം പിടിച്ചെടുത്തത്.
ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, വിമാനത്താവളത്തിലെത്തിയ യാത്രികന്റെ ലഗേജില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ വ്യക്തിഗത സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് അടങ്ങിയ മൂന്ന് പെട്ടികള്‍ കണ്ടെത്തി.
സംഭവത്തില്‍ നിയമനടപടികള്‍ ആരംഭിച്ച അധികൃതര്‍, പിടിച്ചെടുത്ത ലഹരിമരുന്നും പ്രതിയെയും കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തുടര്‍ന്നുള്ള നിയമനടപടികള്‍ക്കുമായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോളിന് (GDDC) കൈമാറി.