വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് നഷ്ടപ്പെട്ടാല്‍ സഹേല്‍ ആപ്പില്‍ അപേക്ഷിക്കാം;വരുന്നു പുതിയ സംവിധാനം
കുവൈത്ത്‌സിറ്റി: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍, പകരം പുതിയ പ്ലേറ്റുകള്‍ക്കായി അപേക്ഷിക്കാനുള്ള പുതിയ ഇലക്ട്രോണിക് സേവനം സര്‍ക്കാര്‍ ഇലക്‌ട്രോണിക് ആപ്പായ 'സഹേല്‍' (Sahel App) വഴി ആരംഭിക്കാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് സംവിധാനം ഒരുക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിക്കുന്നത്. പ്രസ്തുത ഡിജിറ്റല്‍ സേവനം നിലവില്‍ വരുന്നതോടെ പ്രാഥമിക ഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനായി വാഹന ഉടമകള്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസുകള്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടതില്ല.
അപേക്ഷിക്കേണ്ട വിധം
ആദ്യം രേഖകള്‍ അപ്ലോഡ് ചെയ്യണം.ഇതിനായി
'സഹേല്‍' ആപ്പ് വഴി ആവശ്യമായ രേഖകള്‍ PDF ഫോര്‍മാറ്റില്‍ സമര്‍പ്പിക്കാം. ഫീസ് അടയ്ക്കല്‍: ആപ്പിലൂടെ തന്നെ നിശ്ചിത ഫീസ് അടച്ച് നടപടികള്‍ പൂര്‍ത്തിയാക്കാം.
വെരിഫിക്കേഷനും പ്ലേറ്റ് കളക്ഷനും: അപേക്ഷയും രേഖകളും പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷം, പുതിയ നമ്പര്‍ പ്ലേറ്റ് കൈപ്പറ്റേണ്ട തീയതിയും സമയവും അപേക്ഷകനെ 'സഹേല്‍' ആപ്പ് വഴി അറിയിക്കും. തുടര്‍ന്ന് നിര്‍ദ്ദേശിച്ചിട്ടുള്ള പ്ലേറ്റ് ഫാക്ടറിയില്‍ എത്തി നമ്പര്‍ പ്ലേറ്റ് കൈപ്പറ്റാവുന്നതാണ്. സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കാനും, സമയലാഭം ഉറപ്പാക്കാനും, കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലെ തിരക്ക് കുറയ്ക്കാനുമാണ് ആഭ്യന്തര മന്ത്രാലയം ഡിജിറ്റല്‍ പരിഷ്‌കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്.