Dark Mode

സ്വര്‍ണ്ണവള കവര്‍ന്ന വനിത പിടിയില്‍; 'അബദ്ധത്തില്‍ ബാഗില്‍ വീണതെന്ന' വാദം സി.സി.ടി.വി ദൃശ്യങ്ങളില്‍ പൊളിഞ്ഞു; സമാന കേസുകളിലും പ്രതി

സ്വര്‍ണ്ണവള കവര്‍ന്ന വനിത പിടിയില്‍; 'അബദ്ധത്തില്‍ ബാഗില്‍ വീണതെന്ന' വാദം സി.സി.ടി.വി ദൃശ്യങ്ങളില്‍ പൊളിഞ്ഞു; സമാന കേസുകളിലും പ്രതി
AI Generated Picture-Gemini

മുബാറക്കിയയില്‍ 500 ദിനാറിന്റെ സ്വര്‍ണ്ണവള കവര്‍ന്ന വനിതയുടെ വിചിത്ര വാദം
മുന്‍പും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതായി വെളിപ്പെടുത്തല്‍


കുവൈത്ത്‌സിറ്റി: കുവൈത്ത് സിറ്റിയിലുള്ള സൂഖ് അല്‍ മുബാറക്കിയയിലെ ഒരു സ്വര്‍ണ്ണക്കടയില്‍ നിന്ന് 500 ദിനാര്‍ വിലമതിക്കുന്ന സ്വര്‍ണ്ണവള കവര്‍ന്ന കേസില്‍ ബെദൂനി (പൗരത്വ രഹിത വിഭാഗം) വനിത പോലീസ് പിടിയിലായി. മോഷ്ടിച്ച വള ഫര്‍വാനിയയിലെ മറ്റൊരു സ്വര്‍ണ്ണക്കടയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണ് അറസ്റ്റ്. മോഷണം നടന്ന് 48 മണിക്കൂറിനുള്ളിലാണ് അന്വേഷണ സംഘം ഇവരെ വലയിലാക്കിയത്.
സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന കടയില്‍ എത്തി മോഷണം
കറുത്ത അബായയും നിഖാബും ധരിച്ചെത്തിയ യുവതി സാധാരണ ഉപഭോക്താവിനെപ്പോലെയാണ് മുബാറക്കിയയിലെ കടയില്‍ പ്രവേശിച്ചത്. സ്വര്‍ണ്ണാഭരണങ്ങള്‍ കാണുകയും വാങ്ങാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. വ്യാപാരിയുടെ ശ്രദ്ധ മാറിയ സമയം നോക്കി 500 കുവൈറ്റി ദിനാറോളം വിലമതിക്കുന്ന വള കവര്‍ന്ന് ഇവര്‍ കടന്നുകളയുകയായിരുന്നു.
കവര്‍ച്ച നടന്നതായി വ്യക്തമായ ഉടന്‍ തന്നെ കടയുടമ സി.സി.ടി.വി (CCTV) ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കി.
പോലീസിന്റെ തന്ത്രപരമായ നീക്കം
ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉടനടി അന്വേഷണം ആരംഭിച്ചു. മോഷ്ടിക്കപ്പെട്ട വളയുടെ വിവരങ്ങളും ചിത്രങ്ങളും രാജ്യത്തുടനീളമുള്ള സ്വര്‍ണ്ണക്കടകളിലേക്ക് വ്യാപാരികള്‍ക്ക് പോലീസ് കൈമാറി. ഇത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായി.
രണ്ട് ദിവസത്തിനകം, ഫര്‍വാനിയയിലെ ഒരു സ്വര്‍ണ്ണക്കടയിലെ ജീവനക്കാരന്‍ മോഷണം പോയ വളയുമായി സാമ്യമുള്ള ആഭരണവുമായി ഒരു യുവതി വില്‍ക്കാന്‍ എത്തിയിട്ടുണ്ടെന്ന വിവരം ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഡിറ്റക്ടീവുകള്‍ യുവതിയെ കസ്റ്റഡിയിലെടുത്തു.
വീഡിയോ ദൃശ്യങ്ങള്‍ക്ക് മുന്നില്‍ വ്യാജ വാദം പൊളിഞ്ഞു
ആദ്യം മോഷണക്കുറ്റം നിഷേധിച്ച യുവതി, വള അബദ്ധത്തില്‍ തന്റെ ബാഗില്‍ വീണതാണെന്നാണ് പോലീസിനോട് അവകാശപ്പെട്ടത്. എന്നാല്‍ മുബാറക്കിയയിലെ കടയില്‍ നിന്നുള്ള വ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങള്‍ മുന്നില്‍ കാണിച്ചതോടെ യുവതി കുറ്റം സമ്മതിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി കുവൈറ്റിലെ വിവിധ സ്വര്‍ണ്ണക്കടകളില്‍ നിന്ന് സമാനമായ രീതിയില്‍ ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് ഇവര്‍ സ്വര്‍ണ്ണം കവര്‍ന്നിരുന്നതായി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. മോഷ്ടിക്കുന്ന സ്വര്‍ണ്ണം മറ്റൊരു കടയിലാണ് വിറ്റിരുന്നതെന്നും ഇവര്‍ സമ്മതിച്ചിട്ടുണ്ട്.
അന്വേഷണം വ്യാപിപ്പിച്ചു
യുവതിയെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട നിയമവിഭാഗത്തിന് കൈമാറി. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണം വാങ്ങിയിരുന്ന കടയുടമയെ കണ്ടെത്താനും, മോഷ്ടിച്ച വസ്തുക്കളാണെന്ന് അറിഞ്ഞുകൊണ്ടാണോ ഇയാള്‍ സ്വര്‍ണ്ണം വാങ്ങിയതെന്ന് പരിശോധിക്കാനും അന്വേഷണം നടന്നു വരികയാണ്. ഇവര്‍ മുന്‍പ് നടത്തിയ മോഷണങ്ങളെക്കുറിച്ച് വിപുലമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.