ജിസിസി സഹകരണം; ലഹരിമരുന്ന് കടത്ത് ശ്രമം പരാജയപ്പെടുത്തി കുവൈത്ത്
കുവൈത്ത്‌സിറ്റി: രാജ്യത്തിനുള്ളില്‍ നിര്‍മ്മിച്ച് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട അസംസ്‌കൃത ദ്രാവക രൂപത്തിലുള്ള മെത്താംഫെറ്റാമൈന്‍ (Methamphetamine) അടക്കം ഒരു പ്രതിയെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു.
മുന്‍മ്പും ലഹരിക്കടത്ത് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതിയാണ് കസ്റ്റഡിലായതെന്ന് അധികൃതര്‍ അറിയിച്ചു. പിടികൂടിയ പ്രതിയില്‍ നിന്ന് 5 ലിറ്റര്‍ അസംസ്‌കൃത ദ്രാവക മെത്താംഫെറ്റാമൈന്‍ പിടിച്ചെടുക്കുകയും ചെയ്തു.
പിടിച്ചെടുത്ത ദ്രാവകത്തില്‍ നിന്ന് വിപണിയില്‍ വിതരണത്തിന് തയ്യാറുള്ള ഏകദേശം 15 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.അറസ്റ്റിലായ പ്രതിയെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
ഒമാന്‍, യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ലഹരിവിരുദ്ധ ഏജന്‍സികളുമായി സഹകരിച്ചാണ് ഓപ്പറേഷന്‍ നടത്തിയത്.
ജി.സി.സി സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള വിവരങ്ങള്‍ കൈമാറലിനും ഊര്‍ജ്ജിതമായ നിരീക്ഷണത്തിനും ശേഷമാണ് നടപടി സ്വീകരിച്ചത്.
മയക്കുമരുന്ന് ശൃംഖലകള്‍ക്കെതിരെ പോരാടുന്നതിനും ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനും ജി.സി.സി രാജ്യങ്ങള്‍ തമ്മിലുള്ള സുരക്ഷാ സഹകരണത്തിന്റെ ഫലമാണീതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.