പത്ത് വര്‍ഷത്തിനിടെയില്‍ 152 തവണ ചോദ്യപേപ്പര്‍ ചോര്‍ച്ച; വിദ്യാഭ്യാസ സമ്പ്രദായം അട്ടിമറിക്കപ്പെട്ടു-രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ പേരില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥികള്‍ ന്യായമായ ആവശ്യത്തിനു വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും സര്‍ക്കാര്‍ അവരെ ആക്രമിക്കുകയാണെന്നും അദ്ദേഹം ബുധനാഴ്ച പറഞ്ഞു.
ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, നിലവിലെ ഭരണത്തിന് കീഴില്‍ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം 'അട്ടിമറിക്കപ്പെട്ടതായി' രാഹുല്‍ ഗാന്ധി ആരോപിച്ചു.രാജ്യത്തിന്റെ ഏറ്റവും വലിയ ആസ്തിയായിരുന്ന ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ വിദ്യാഭ്യാസ മന്ത്രി നശിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കുറഞ്ഞത് 152 ചോദ്യപേപ്പര്‍ ചോര്‍ച്ചകളെങ്കിലും നടന്നിട്ടുണ്ടെന്നും ഇതില്‍ യാതൊരു ഉത്തരവാദിത്തവുമില്ലെന്നും കണക്കുകള്‍ നിരത്തിക്കൊണ്ട് ഗാന്ധി അവകാശപ്പെട്ടു.
'10 വര്‍ഷത്തിനിടയിലെ 152 ചോര്‍ച്ചകള്‍ അര്‍ത്ഥമാക്കുന്നത് പ്രതിമാസം ഒരു ചോര്‍ച്ച വീതം നടക്കുന്നു എന്നാണ്. ഈ ചോര്‍ച്ചകള്‍ കോടിക്കണക്കിന് വിദ്യാര്‍ത്ഥികളെയാണ് ബാധിച്ചത്. എന്നിട്ടും കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകളില്‍ ഒരു പ്രതിയും ശിക്ഷിക്കപ്പെട്ടിട്ടില്ല,' രാഹുല്‍ ഗാന്ധി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ 'അഴിമതിക്കാരനും' 'അയോഗ്യനുമാണെന്ന്' വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി, അദ്ദേഹം രാജിവെക്കണമെന്നാവശ്യം ആവര്‍ത്തിച്ചു.
'വിദ്യാര്‍ത്ഥികള്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുന്നു. അതൊരു ന്യായമായ ആവശ്യമാണ്. പ്രധാന്‍ അഴിമതിക്കാരനും കഴിവുകെട്ടവനുമാണ്. അദ്ദേഹത്തെ പുറത്താക്കണം,' രാഹുല്‍ പറഞ്ഞു.വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ പിന്തുണച്ചുകൊണ്ട്, മുഴുവന്‍ കുഴപ്പങ്ങളുടെയും 'പ്രതീകമാണ്' പ്രധാന്‍ എന്നും അതിനാല്‍ അദ്ദേഹത്തെ നീക്കം ചെയ്യണമെന്നും രാഹുല്‍ വ്യക്തമാക്കി.
പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും വിദ്യാഭ്യാസം താങ്ങാനാവാത്തതായി മാറിയിരിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ നീറ്റ് പരീക്ഷാര്‍ത്ഥികളുടെ വാര്‍ഷിക കൊച്ചിങ് ചിലവ് 1.32 ലക്ഷം കോടി രൂപയാണെന്ന് കണക്കാക്കിയ രാഹുല്‍ ഗാന്ധി, ഇത് 1.4 ലക്ഷം കോടി രൂപയുടെ വാര്‍ഷിക വിദ്യാഭ്യാസ ബജറ്റിന് ഏകദേശം തുല്യമാണെന്ന് അവകാശപ്പെട്ടു. ഈ അട്ടിമറിക്കപ്പെട്ട വ്യവസ്ഥ പാവപ്പെട്ടവരെയും ഇടത്തരക്കാരെയും പുറന്തള്ളിയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഈ സംവിധാനം പണക്കാര്‍ക്ക് വേണ്ടിയുള്ളത് മാത്രമാണ്. ഇതില്‍ പാവപ്പെട്ടവര്‍ക്ക് സ്ഥാനമില്ല എന്നും രാഹുല്‍ പറഞ്ഞു.
തിങ്കളാഴ്ച ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തിങ്കളാഴ്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന ആവശ്യവും അദ്ദേഹം ആവര്‍ത്തിച്ചു.