കുവൈത്ത്‌സിറ്റി: ഫര്‍വാനിയ മേഖലയിലെ സുരക്ഷാ, സേവന സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനും, ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി ഗവര്‍ണര്‍ ശൈഖ് അദ്ബി നാസര്‍ അല്‍-അദ്ബി അസ്സബാഹ് (വ്യാഴം)ഇന്ന് വൈകുന്നേരം ജലീബ് അല്‍-ഷുയൂഖ് പ്രദേശത്ത് സന്ദര്‍ശനം നടത്തി. സര്‍ക്കാര്‍ ഏജന്‍സികള്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഫര്‍വാനിയ ഗവര്‍ണര്‍ ജലീബ് അല്‍-ഷുയൂഖ് സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നു- ചിത്രം ഷിജോ മഞ്ഞളി
സന്ദര്‍ശനത്തിനിടെ മാന്‍പവര്‍ പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ റബാബ് അബ്ദുള്ള അല്‍-ഉസൈമി, ഫര്‍വാനിയ ഗവര്‍ണറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍-യാസീന്‍ എന്നിവരുള്‍പ്പെടെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുമായും വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഫര്‍വാനിയ ഗവര്‍ണര്‍ ജലീബ് അല്‍-ഷുയൂഖ് സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നു- ചിത്രം ഷിജോ മഞ്ഞളി
വിവിധ സുരക്ഷാ-സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലുള്ള സംയുക്ത ഏകോപനത്തെയും പ്രവര്‍ത്തനങ്ങളെയും ഗവര്‍ണര്‍ അഭിനന്ദിച്ചു. പൊതുതാത്പര്യം മുന്‍നിര്‍ത്തി നിയമം നടപ്പിലാക്കുന്നതിനും മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും ഒരൊറ്റ ടീമായി ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫര്‍വാനിയ ഗവര്‍ണര്‍ ജലീബ് അല്‍-ഷുയൂഖ് സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നു- ചിത്രം ഷിജോ മഞ്ഞളി
സര്‍ക്കാര്‍ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, പ്രദേശത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിയുന്നതിനും ഇത്തരം ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ അനിവാര്യമാണെന്ന് ശൈഖ് അദ്ബി നാസര്‍ വ്യക്തമാക്കി. വിവിധ വകുപ്പുകള്‍ തമ്മിലുള്ള വേഗതയേറിയ ഏകോപനം സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുമെന്നും അത് സ്വദേശികളുടെയും വിദേശികളുടെയും പ്രതീക്ഷകള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.