കുവൈത്തുകാര്‍ ശ്രദ്ധിക്കുക; വാഹനം തകരാറിലായാല്‍ എന്തുചെയ്യണം? നിര്‍ദ്ദേശങ്ങളുമായി ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്
കുവൈത്ത് സിറ്റി: റോഡുകളില്‍ വാഹനങ്ങള്‍ പെട്ടെന്ന് തകരാറിലാകുന്ന സാഹചര്യങ്ങളില്‍ ഡ്രൈവര്‍മാര്‍ പാലിക്കേണ്ട പ്രധാന സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മന്ത്രാലയം നല്‍കുന്ന മുന്‍ഗണനയുടെ ഭാഗമായാണ് ഈ അറിയിപ്പ്.
വാഹനങ്ങള്‍ തകരാറിലായാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു:
റോഡിന്റെ വലതുവശത്തേക്ക് മാറ്റുക: വാഹനം തകരാറിലായാല്‍ സാധ്യമാണെങ്കില്‍ എത്രയും വേഗം റോഡിന്റെ ഏറ്റവും വലതുവശത്തേക്ക് (Farthest Right Side) മാറ്റി പാര്‍ക്ക് ചെയ്യുക.
ഹസാര്‍ഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്യുക: വാഹനം നിര്‍ത്തിയ ഉടന്‍ തന്നെ അപകട സൂചന നല്‍കുന്ന ഹസാര്‍ഡ് ലൈറ്റുകള്‍ (Hazard Lights) പ്രവര്‍ത്തിപ്പിക്കുക.
വാണിംഗ് ട്രയാംഗിള്‍ സ്ഥാപിക്കുക: മറ്റ് വാഹനങ്ങള്‍ക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കാനായി വാഹനത്തിന് പുറകില്‍ കുറഞ്ഞത് 100 മീറ്റര്‍ അകലെയായി വാണിംഗ് ട്രയാംഗിള്‍ (Warning Triangle) സ്ഥാപിക്കേണ്ടതാണ്.
അടിയന്തര നമ്പറില്‍ ബന്ധപ്പെടുക: കൃത്യമായ ലൊക്കേഷന്‍ വിവരങ്ങള്‍ സഹിതം അടിയന്തര സഹായത്തിനായി 112 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിച്ച് അറിയിക്കുക.
വേനല്‍ക്കാല ജാഗ്രത:
കടുത്ത വേനല്‍ക്കാലത്ത് ഉയര്‍ന്ന താപനില കാരണം ടയറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും ടയര്‍ പൊട്ടിത്തെറിക്കാനും (Tire Blowouts) സാധ്യത കൂടുതലാണ്. അതിനാല്‍ വാഹനങ്ങള്‍ കൃത്യമായി പരിശോധന നടത്താനും, ടയറുകളുടെ എയര്‍ പ്രഷറും നിരന്തരം പരിശോധിക്കാനും ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ട്രാഫിക് വിഭാഗം ഓര്‍മ്മിപ്പിച്ചു.