തെന്നിന്ത്യന്‍ വാനമ്പാടി എസ്.ജാനകി അന്തരിച്ചു;വിടച്ചെല്ലിയത് മലയാളം ഉള്‍പ്പടെ 18 ഭാഷകളില്‍ നാല്‍പതിനായിരത്തോളം പാട്ടുകളുടെ സ്വരത്തിനുടമ
ചെന്നൈ: ഇന്ത്യന്‍ സംഗീതലോകത്തെ വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. കൊച്ചുമകള്‍ അപ്‌സര വിദ്യുല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്. മൈസൂരുവില്‍ വച്ചായിരുന്നു അന്ത്യം. കുടുംബം അതീവ ദുഃഖത്തിലാണെന്നും ഈ പ്രയാസകരമായ ഘട്ടത്തില്‍ സ്വകാര്യത മാനിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
1964ല്‍ യേശുദാസിനൊപ്പം ഒരു യുഗ്മ ഗാനത്തിലൂടെയാണ്ആ സ്വരമാധുരി മലയാളത്തിനു ലഭിച്ചത്.ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കിയ യുഗ്മ ഗാനമായിരുന്നു അത്. തുമ്പീ വാ...,ഗോപുര മുകളില്‍...,മലര്‍ക്കൊടി പോലെ,ഉണരൂ വേഗം നീ...,സ്വര്‍ണ്ണമുകിലേ....തുടങ്ങിയ ഗാനങ്ങള്‍ മലയാളിയുടെ മനസ്സില്‍ ഒരിക്കലും മായാതെ കിടക്കുന്ന ജാനകിയമ്മയുടെ പാട്ടുകളില്‍ ചിലത് മാത്രം.
മലയാളം,തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉള്‍പ്പെടെ 18 ഭാഷകളിലായി നാല്‍പതിനായിരത്തോളം ഗാനങ്ങള്‍ ആലപിച്ച അപൂര്‍വ ഗായികയായിരുന്നു എസ്. ജാനകി. ആന്ധ്രപ്രദേശ് സ്വദേശിനിയായ അവര്‍ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നാല് തവണ സ്വന്തമാക്കി. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 2013-ല്‍ പ്രഖ്യാപിച്ച പത്മഭൂഷണ്‍ ബഹുമതി ദക്ഷിണേന്ത്യന്‍ കലാകാരന്മാരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് എസ്. ജാനകി നിരസിച്ചിരുന്നു.
ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ 1938 ഏപ്രില്‍ 23-നായിരുന്നു എസ്. ജാനകിയുടെ ജനനം. പിതാവ് ശിസ്തില രാമമൂര്‍ത്തി ആയുര്‍വേദ ഡോക്ടറായിരുന്നു. മാതാപിതാക്കള്‍ ചെറുപ്പത്തിലേ മരിച്ചു. അമ്മാവനായ ഡോ. ചന്ദ്രശേഖറിന്റെ സംരക്ഷണയിലാണ് ജാനകി പിന്നീട് വളര്‍ന്നത്. ചെറുപ്പം മുതലേ സംഗീതവാസനയുണ്ടായിരുന്നെങ്കിലും ചില ഹൃസ്വകാല പഠനങ്ങളൊഴികെ ശാസ്ത്രീയസംഗീതം ആഴത്തില്‍ പഠിക്കാനുള്ള അവസരങ്ങളൊന്നും ലഭിച്ചില്ല. 1956ല്‍ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനത്തിന് അര്‍ഹയായതാണ് ജാനകിക്ക് സംഗീതലോകത്തേക്കു വഴിതുറന്നത്.