Dark Mode

പുതിയ ട്രാഫിക് നിയമം:കുവൈത്തില്‍ ആദ്യ ജയില്‍ ശിക്ഷ; യുവാവിന് ഒരു വര്‍ഷം തടവും പിഴയും

പുതിയ ട്രാഫിക് നിയമം:കുവൈത്തില്‍ ആദ്യ ജയില്‍ ശിക്ഷ; യുവാവിന് ഒരു വര്‍ഷം തടവും പിഴയും

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നടപ്പില്‍ വന്ന ട്രാഫിക് (ഗതാഗത)നിയമപ്രകാരമുള്ള ആദ്യത്തെ കോടതി വിധി പ്രസ്താവിച്ചു.
അശ്രദ്ധയോടെ ജനങ്ങളുടെ ജീവന് ഭീഷണിയാകും വിധത്തില്‍ വാഹനമോടിച്ച പ്രതിക്ക് ഒരു വര്‍ഷം തടവും 600 കുവൈത്ത് ദിനാര്‍ (KD) പിഴയുമാണ് കോടതി ചുമത്തിയത്. ഇതോടൊപ്പം കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കുവൈത്ത് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെതാണ്(ട്രാഫിക് ഡിവിഷന്‍) ചരിത്രപരമായ വിധി. റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ജുഡീഷ്യറിയും സുരക്ഷാ അധികാരികളും വെച്ചുപൊറുപ്പിക്കില്ല എന്ന കര്‍ശന സന്ദേശമാണ് വിധി നല്‍കുന്നത്.
നിയമം കടുപ്പിച്ചത് 2025 ഏപ്രിലില്‍

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22 മുതലാണ് പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തില്‍ വന്നത്. പുതിയ നിയമനിര്‍മ്മാണത്തിന് ശേഷം പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ തടവ് ശിക്ഷയാണിത്. ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് ഇനിമുതല്‍ കേവലം സാമ്പത്തിക പിഴകള്‍ മാത്രമല്ല, മറിച്ച് ജയില്‍ ശിക്ഷയും വാഹനങ്ങള്‍ സ്ഥിരമായി കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളും നേരിടേണ്ടി വരുമെന്ന് വിധി വ്യക്തമാക്കുന്നു.
പരിശോധനകള്‍ ശക്തമാക്കി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്

റോഡുകളിലെ അപകടകരമായ ഡ്രൈവിംഗും മറ്റ് ഗുരുതരമായ നിയമലംഘനങ്ങളും തടയുന്നതിനായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് രാജ്യത്തുടനീളം കടുത്ത പരിശോധനകളാണ് നടത്തിവരുന്നത്. ഹൈവേകളിലും നഗരങ്ങളിലെ റോഡുകളിലും പട്രോളിംഗും അപ്രതീക്ഷിത പരിശോധനാ ഗേറ്റുകളും (Surprise Checkpoints) അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്.
പ്രധാനമായും നിരീക്ഷിക്കുന്ന നിയമലംഘനങ്ങള്‍:
അമിത വേഗത
അപകടകരമായ ഓവര്‍ടേക്കിംഗ്
റെഡ് സിഗ്‌നല്‍ മറികടക്കല്‍
റോഡില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുക
മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുക

കഴിഞ്ഞ മാസങ്ങളിലായി നിയമം ലംഘിച്ച ആയിരക്കണക്കിന് ആളുകള്‍ക്ക് എതിരെ പിഴ ചുമത്തുകയും നിരവധി വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഗുരുതരമായ തെറ്റുകള്‍ ചെയ്ത നിരവധി പേരെ തുടര്‍നടപടികള്‍ക്കായി കോടതികളിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.