Dark Mode

കുവൈത്തില്‍ കാണാതായ ഇന്ത്യക്കാരനെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി;സ്വദേശിയായ ഒരു പ്രതി പിടിയില്‍

കുവൈത്തില്‍ കാണാതായ ഇന്ത്യക്കാരനെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി;സ്വദേശിയായ ഒരു പ്രതി പിടിയില്‍
Picture MOI- X Account

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം മരുഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സ്വദേശിയായ ഒരു പ്രതിയെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തില്‍ പങ്കാളിയായ പ്രധാന പ്രതി കുവൈത്ത് വിട്ടതായും ഇയാളെ പിടികൂടാനായി അന്താരാഷ്ട്ര തലത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതികള്‍ പിതാവും മകനുമാണ്.പിതാവാണ് രാജ്യം വിട്ടത്.
ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സിന്റെ (CID) നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് 'അല്‍-സാല്‍മി' (Al-Salmi) മരുഭൂമിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്.
കേസിന്റെ പശ്ചാത്തലം ഇങ്ങനെ:
2026 മാര്‍ച്ച് 19-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചില ഹെവി എക്യുപ്മെന്റുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി സ്വദേശിയായ ഉടമസ്ഥനൊപ്പം അല്‍-സാല്‍മി ഭാഗത്തേക്ക് പോയ ഇന്ത്യക്കാരനെക്കുറിച്ച് പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇയാളെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
ക്യാമറ ദൃശ്യങ്ങളും പോലീസിന്റെ സംശയവും:
മന്ത്രാലയത്തിന്റെ ട്രാഫിക് നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍, കാണാതായ വ്യക്തി പ്രതിക്കൊപ്പം സാല്‍മി ഭാഗത്തേക്ക് വാഹനത്തില്‍ പോകുന്നത് കണ്ടെത്തിയിരുന്നു. എന്നാല്‍ വാഹനം തിരികെ വരുമ്പോള്‍ ഇന്ത്യക്കാരന്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. ഇത് സംശയത്തിന് ഇടനല്‍കി.ഇതോടെ അന്വേഷണം ഇവരിലേക്ക് എത്തുകയായിരുന്നു.
തുടര്‍ന്ന് സംഭവത്തില്‍ ഉള്‍പ്പെട്ട സ്വദേശിയുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു.
ജോലിസ്ഥലത്ത് വെച്ച് അറ്റകുറ്റപ്പണിക്കിടെ ഒരു ഭാരമേറിയ ക്രെയിന്‍ (Crane) അബദ്ധത്തില്‍ വീണ് സംഭവസ്ഥലത്തു വച്ചുതന്നെ ഇന്ത്യക്കാരന്‍ മരണപ്പെട്ടു.
അപകടമരണത്തെത്തുടര്‍ന്നുള്ള കടുത്ത നിയമനടപടികളെയും ചോദ്യം ചെയ്യലുകളെയും ഭയന്ന്, താനും പിതാവും ചേര്‍ന്ന് മൃതദേഹം വണ്ടിയില്‍ കയറ്റി ആരുമില്ലാത്ത മരുഭൂമിയിലെത്തിച്ച് കുഴിച്ചുമൂടുകയായിരുന്നുവെന്ന് പിടിയിലായ വ്യക്തി സമ്മതിച്ചു.
മൃതദേഹം പുറത്തെടുത്തു
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം മരുഭൂമിയിലെത്തി പരിശോധന നടത്തി. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറന്‍സിക്‌സ് (Forensics),ഡോഗ് സ്‌ക്വാഡ് , കുവൈത്ത് ഫയര്‍ ഫോഴ്‌സ് (Kuwait Fire Force) എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് മരുഭൂമിയില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്. പബ്ലിക് പ്രോസിക്യൂഷന്റെ നിര്‍ദ്ദേശപ്രകാരം മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മാറ്റിയിട്ടുണ്ട്.