Dark Mode

കുവൈത്തില്‍ പതിനെന്നര കോടി രൂപയുടെ 400 ടണ്‍ മറൈന്‍ കേബിളുകള്‍ മോഷ്ടിച്ച വന്‍ സംഘം പിടിയില്‍

കുവൈത്തില്‍ പതിനെന്നര കോടി രൂപയുടെ  400 ടണ്‍ മറൈന്‍ കേബിളുകള്‍ മോഷ്ടിച്ച വന്‍ സംഘം പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്ത് ഓയില്‍ കമ്പനിയുടെ (കെ.ഒ.സി) ഉടമസ്ഥതയിലുള്ള 400 ടണ്‍ മറൈന്‍ കേബിളുകള്‍ മോഷ്ടിച്ച കേസില്‍ സ്വദേശികളും അറബ്, ഏഷ്യന്‍ വംശജരായ പ്രവാസികള്‍ അടങ്ങുന്ന ക്രിമിനല്‍ സംഘം പിടിയിലായി. വിപണിയില്‍ ഏകദേശം 4,20,000 കുവൈത്ത് ദിനാര്‍ (ഏകദേശം 11.5 കോടിയിലധികം ഇന്ത്യന്‍ രൂപ) വിലമതിക്കുന്നതാണ് മോഷ്ടിക്കപ്പെട്ട കേബിളുകള്‍. അല്‍-അഹ്‌മദി ഏരിയയില്‍ നടന്ന തട്ടിപ്പ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് സംഘമാണ് പിടികൂടിയത്.
പ്രധാന പ്രതികള്‍ പിടിയിലായിട്ടുണ്ട്.
വ്യക്തമായ ആസൂത്രണം-
പ്രതികളില്‍ ഒരാള്‍ താന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കേബിളുകളുടെ സീരിയല്‍ നമ്പറുകളില്‍ മാറ്റം വരുത്തുകയും, ഇവ പുറത്തേക്ക് കടത്താനായി വ്യാജ രേഖകള്‍ ചമയ്ക്കുകയും ചെയ്തു.
രണ്ടാമന്‍ ഒരു എഞ്ചിനീയറാണെന്ന് വ്യാജേന ചമഞ്ഞ് മോഷ്ടിച്ച കേബിളുകള്‍ വിപണിയില്‍ വില്‍ക്കാന്‍ മുന്‍കൈ എടുത്തു.
മൂന്നാമന്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെട്ടിച്ച് പ്രസ്തുത കേബിളുകള്‍ വാങ്ങി സ്‌ക്രാപ്പ് മെറ്റലായി (ആക്രി സാധനങ്ങളായി) മറിച്ചു വില്‍ക്കാന്‍ സഹായിച്ചു.
പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ദിനാര്‍

കൃത്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രതികളെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച വന്‍ തുകയും മറ്റ് ആസ്തികളും കണ്ടെടുത്തു.
ഒരു പ്രതിയില്‍ നിന്ന് 37,000 കുവൈത്ത് ദിനാറും സ്വര്‍ണാഭരണങ്ങളും, മോഷണപ്പണം ഉപയോഗിച്ച് വാങ്ങിയ ഒരു ആഡംബര വാഹനവും കസ്റ്റഡിയിലെടുത്തു.
മറ്റൊരു പ്രതിയില്‍ നിന്ന് 26,210 കുവൈത്ത് ദിനാറും 1,000 യു.എസ് ഡോളറും കണ്ടെടുത്തു.

കണ്ടെടുത്ത വസ്തുക്കള്‍ കുവൈത്ത് ഓയില്‍ കമ്പനിയുമായി ഏകോപിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഒപ്പം തട്ടിപ്പിനായി ഉപയോഗിച്ച വ്യാജ സ്റ്റാമ്പും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
പ്രതികള്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.