സ്ത്രീകളുടെ സൗജന്യയാത്ര;സ്വകാര്യ ബസുകളുടെ വിഷയത്തില്‍ പ്രത്യേക കമ്മിറ്റി-സി.പി.ജോണ്‍
പാലക്കാട്: സത്രീകള്‍ക്ക് സൗജന്യമായി കെഎസ്ആര്‍ടിസി നല്‍കുന്ന പ്രിയദര്‍ശിനി സര്‍വീസുകള്‍ മൂലം സ്വകാര്യ ബസ് രംഗത്ത് ഉണ്ടാകുന്ന സാമ്പത്തിക ആഘാതം പഠിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍ അറിയിച്ചു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയദര്‍ശിനി സര്‍വീസുകളുടെ സ്വാധീനത്തിന് പുറമെ, സ്വകാര്യ ബസ് ഉടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളായ വിദ്യാര്‍ത്ഥികളുടെ യാത്രാ കണ്‍സെഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളും കമ്മിറ്റി പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥി കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ ചില സ്വകാര്യ ബസുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും യാത്രക്കാരില്‍ നിന്നും സ്വമേധയാ അധിക തുക ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
സ്വകാര്യ ബസ് ഉടമകള്‍ വര്‍ഷങ്ങളായി ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ മുന്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും, അതാണ് മേഖലയെ പ്രതിസന്ധിയിലാക്കിയതെന്നും സി.പി. ജോണ്‍ ആരോപിച്ചു. നിലവിലെ സര്‍ക്കാര്‍ നികുതി ഇളവുകള്‍ ഉള്‍പ്പെടെ വിവിധ ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.