Dark Mode

എം.വി ജയരാജന്റെ നിലപാട് തള്ളി എം.വി ഗോവിന്ദന്‍;'വിമതരായി മത്സരിച്ചവര്‍ വര്‍ഗവഞ്ചകര്‍'

എം.വി ജയരാജന്റെ നിലപാട് തള്ളി എം.വി ഗോവിന്ദന്‍;'വിമതരായി മത്സരിച്ചവര്‍ വര്‍ഗവഞ്ചകര്‍'

തിരുവനന്തപുരം: കണ്ണൂരില്‍ പാര്‍ട്ടി വിട്ട് യു.ഡി.എഫ്.പിന്തുണയില്‍ ജയിച്ച ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജന്റ വാദം പൂര്‍ണ്ണമായും തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിമതര്‍ വര്‍ഗ വഞ്ചകര്‍ തന്നെയാണ്. തെറ്റ് തിരുത്തിയാല്‍ തിരിച്ചെടുക്കുമെന്നത് പൊതുരീതിയാണ്. ഓരോരുത്തരും ഓരോ ചാനലിലും സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ല എന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.
തെറ്റ് തിരുത്തിയാല്‍ ഈ ഭൂമുഖത്ത് ആരേയും തിരിച്ചെടുക്കും പക്ഷേ പാര്‍ട്ടിയെ വഞ്ചിച്ചതാണ് അവര്‍ ചെയ്ത തെറ്റ്. വര്‍ഗവഞ്ചനയാണ്. ചതിയാണ്. അത് കൃത്യമായി പാര്‍ട്ടി ചൂണ്ടിക്കാട്ടിയിടുണ്ട്. ആ നിലപാടാണ് അവര്‍ എടുത്തിട്ടുള്ളത്. സുധാകരനും ടി.കെ. ഗോവിന്ദനും, വി. കുഞ്ഞികൃഷ്ണനും എടുത്ത നിലപാട് പാര്‍ട്ടിയെ വഞ്ചിച്ച് ചതിച്ചു പോകുന്ന നിലയാണ് ഉണ്ടായത്. അതിനെ ശക്തമായി വിമര്‍ശിക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്‍ പ്രതികരിച്ചത്. പാര്‍ട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയ എം.വി. രാഘവനേയും കെ.ആര്‍. ഗൗരിയമ്മയേയും വരെ അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ട്. തളിപ്പറമ്പില്‍ എസ്‌ഐആറിന് ശേഷം മണ്ഡലത്തിന്റെ ഘടനയില്‍ മാറ്റം വന്നിട്ടുണ്ട്. പയ്യന്നൂര്‍ പോലെ ഉറച്ച് ജയിക്കുമായിരുന്ന ഒരു മണ്ഡലമായിരുന്നില്ല തളിപ്പറമ്പ്.രണ്ട് മണ്ഡലങ്ങളിലേടയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായ പോരായ്മയാണ് തോല്‍വിയുടെ പ്രധാന കാരണമായി പറയുന്നത്. മറ്റൊരാളെ നിര്‍ത്തിയാല്‍ പയ്യന്നൂരില്‍ ജയിക്കുമായിരുന്നു. തളിപ്പറമ്പില്‍ അത്തരത്തില്‍ പറയാന്‍ സാധിക്കില്ലായിരുന്നു എം വി ജയരാജന്‍ കണ്ണൂര്‍ വിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.