സമൂഹമാധ്യമങ്ങളിലൂടെ 'കഞ്ചാവ്' പ്രമോഷന്; കുവൈറ്റില്‍ ഒരാള്‍ പിടിയില്‍
കുവൈത്ത്സിറ്റി: സമൂഹമാധ്യമങ്ങളിലൂടെ(സോഷ്യല്‍ മീഡിയ) കഞ്ചാവ് (മരിജുവാന) ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഉള്ളടക്കം പ്രചരിപ്പിച്ച ഒരാളെ ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം (ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ് കണ്ട്രോള്) അറസ്റ്റ് ചെയ്തു.
കഞ്ചാവ് ഉപയോഗം ദോഷകരമല്ലെന്നും, അത് നല്ലതാണെന്ന രീതിയിലുമുള്ള തെറ്റായ വിവരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്. യുവാക്കളെയും ഫോളോവേഴ്സിനെയും മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതും സമൂഹത്തെ ദോഷകരമായി ബാധിക്കുന്നതുമായ ഉള്ളടക്കമാണ് പ്രചരിപ്പിച്ചത്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ തന്റെ സ്വന്തം അക്കൗണ്ടിലൂടെയാണ് വീഡിയോകള്‍ പ്രചരിപ്പിച്ചതെന്ന് സമ്മതിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.