Dark Mode

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ ഗള്‍ഫ് പര്യടനത്തിന് തുടക്കമായി

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ ഗള്‍ഫ് പര്യടനത്തിന് തുടക്കമായി

കുവൈത്ത്‌സിറ്റി: ഗള്‍ഫ് രാജ്യങ്ങളുമായുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തമാക്കാനും, പ്രാദേശിക-അന്തര്‍ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്‌മണ്യം ജയശങ്കര്‍ കുവൈത്ത് അടക്കമുള്ള നാല് ഗള്‍ഫ് രാജ്യങ്ങളില്‍ പര്യടനം നടത്തും.
ജൂലൈ 5 മുതല്‍ 10 വരെ ഖത്തര്‍, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ഔദ്യോഗിക പര്യടനം നടത്തുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഈ നാല് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുമായും മുതിര്‍ന്ന നേതാക്കളുമായും ജയശങ്കര്‍ ചര്‍ച്ചകള്‍ നടത്തും. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം, പരസ്പര താല്പര്യമുള്ള വിഷയങ്ങളിലും പുതിയ പ്രാദേശിക സംഭവവികാസങ്ങളും ഉന്നത-തല യോഗത്തില്‍ ഉയരും.
ഗള്‍ഫ് പര്യടനത്തിന് ശേഷം, 2028-2029 കാലയളവിലേക്കുള്ള യുണൈറ്റഡ് നേഷന്‍സ് സെക്യൂരിറ്റി കൗണ്‍സിലിലെ (UNSC) ഇന്ത്യയുടെ അംഗത്വത്തിനായുള്ള പ്രചാരണം ഔദ്യോഗികമായി ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജൂലൈ 13-ന് ന്യൂയോര്‍ക്കിലേക്ക് തിരിക്കും.
തുടര്‍ന്ന് ജൂലൈ 14, 15 തീയതികളില്‍ ബ്രസ്സല്‍സ് സന്ദര്‍ശിക്കുന്ന അദ്ദേഹം, മൂന്നാമത് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് ആന്‍ഡ് ടെക്‌നോളജി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും.