Dark Mode

വിസാ മാറ്റം;27,141 പ്രവാസികള്‍ പ്രയോജനപ്പെടുത്തിയെന്ന് PAM

വിസാ മാറ്റം;27,141 പ്രവാസികള്‍ പ്രയോജനപ്പെടുത്തിയെന്ന് PAM

കുവൈത്ത്‌സിറ്റി: വിദേശത്തുനിന്ന് നേരിട്ട് റിക്രൂട്ട് ചെയ്ത് കുവൈറ്റിലെത്തിച്ച പ്രവാസി തൊഴിലാളികള്‍ക്ക് മറ്റ് മേഖലകളിലേക്ക് ജോലി മാറുന്നതിനായി പ്രഖ്യാപിച്ചിരുന്ന താല്‍ക്കാലിക ഇളവ് അവസാനിച്ചു. രണ്ടു മാസത്തെ ഇളവ് ജൂണ്‍ 30-നാണ് അവസാനിച്ചതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (PAM) അറിയിച്ചു. ഈ കാലയളവില്‍ 27,141 പ്രവാസി തൊഴിലാളികള്‍ക്ക് ഈ നിയമത്തിന്റെ ആനുകൂല്യം ലഭിച്ചതായും അതോറിറ്റി വ്യക്തമാക്കി.
നിലവിലുള്ള തൊഴില്‍ നിയമമനുസരിച്ച്, ചില പ്രത്യേക മേഖലകളിലേക്ക് വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതിയുണ്ടെങ്കിലും, ഇവര്‍ക്ക് പിന്നീട് ആ മേഖലയ്ക്ക് പുറത്തുള്ള മറ്റ് കമ്പനികളിലേക്കോ തസ്തികകളിലേക്കോ വിസ മാറ്റാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ ആഭ്യന്തര തൊഴില്‍ വിപണിയിലെ അടിയന്തര ആവശ്യങ്ങള്‍ പരിഗണിച്ചാണ് മാന്‍പവര്‍ അതോറിറ്റി 'താല്‍ക്കാലികവും അസാധാരണവുമായ' ഈ ആനുകൂല്യം പ്രഖ്യാപിച്ചത്.
ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ (SMEs): 16,048 തൊഴിലാളികള്‍
കാര്‍ഷിക മേഖല: 4,460 തൊഴിലാളികള്‍.
വ്യവസായ മേഖല (Industrial Sector): 3,300 തൊഴിലാളികള്‍.
ആടുവളര്‍ത്തല്‍, മത്സ്യബന്ധന മേഖലകള്‍: ബാക്കിയുള്ള 3,333 തൊഴിലാളികള്‍ ഈ മേഖലകളില്‍ നിന്നുള്ളവരാണ്.

മാര്‍ക്കറ്റില്‍ വന്‍ ചലനമെന്ന് PAM
തൊഴില്‍ വിപണിയിലെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് തൊഴിലാളികളെ വിവിധ മേഖലകളിലേക്ക് കൃത്യമായി വിന്യസിക്കുന്നതില്‍ പ്രസ്തുത തീരുമാനം വലിയ വിജയമായിരുന്നുവെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇത് വിപണിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും തൊഴില്‍ മേഖലയിലെ സ്ഥിരത നിലനിര്‍ത്തുന്നതിനും ഏറെ സഹായകരമായതായും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.