'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്' രണ്ടാംഘട്ടം 'തൂഫാന്‍ ജാഗരണ്‍'
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നേരിട്ട് നേതൃത്വം നല്‍കുന്ന പ്രത്യേക സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ലഹരിവിരുദ്ധ ദൗത്യമായ 'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്' രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള പോലീസ് സംഘടിപ്പിച്ച 'തൂഫാന്‍ ജാഗരണ്‍' പെരുമ്പാവൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുടനീളമുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനങ്ങള്‍ കടന്നുള്ള ലഹരി ശൃംഖലകളെ തകര്‍ക്കുന്നതിനും ഈ ടാസ്‌ക് ഫോഴ്സ് നേതൃത്വം നല്‍കും. അതോടൊപ്പം, പെരുമ്പാവൂരില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി അധിക പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കും. ഓപ്പറേഷന്‍ തൂഫാനില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പെരുമ്പാവൂര്‍ പോലീസ് സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു. ലഹരി ശൃംഖലകള്‍ സംസ്ഥാന അതിര്‍ത്തികള്‍ കടന്നാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെച്ചും സംയുക്ത ഓപ്പറേഷനുകള്‍ നടത്തിയും ലഹരി മാഫിയയെ വേരോടെ പിഴുതെറിയും. ഇതിനായി കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി, തെലങ്കാന സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി ജൂലായ് 10-ന് സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ യോഗം ചേരും.തൂഫാന്‍ ശക്തമായി മുന്നോട്ടു പോകും. ലഹരി വേട്ടയില്‍ ഒതുങ്ങുന്നതല്ല ഓപ്പറേഷന്‍ തൂഫാന്‍. കര്‍ശനമായ നിയമനടപടികളും തുടര്‍നിരീക്ഷണവും ഒരുപോലെ ശക്തമാക്കും. അതിനുദാഹരണമാണ് പെരുമ്പാവൂരില്‍ നടന്നത്. ഇവിടത്തെ മുഴുവന്‍ ജനങ്ങളെയും 'തൂഫാന്‍ വാറിയേഴ്‌സ്' ആയി പ്രഖ്യാപിക്കുന്നതായും മന്ത്രി അറിയിച്ചു.
നാടിനെ ബാധിക്കുന്ന വിപത്ത് തടയണമെന്ന ലക്ഷ്യത്തോടെ ഒരു സമൂഹം തന്നെ മുന്നോട്ടു വന്നാല്‍ ലഹരി മാഫിയ ഒരിക്കലും വിജയിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍ പറഞ്ഞു.
'തൂഫാന്‍ ജാഗരണി'ല്‍ ജനപ്രതിനിധികള്‍, ഉത്തര മേഖലാ ഐ.ജിയും ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസറുമായ പുട്ട വിമലാദിത്യ, എറണാകുളം റൂറല്‍ എസ്.പി സുദര്‍ശന്‍ കെ എസ്, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, സാമൂഹിക-സാമുദായിക സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, വ്യാപാര-വ്യവസായ മേഖലയിലെ പ്രമുഖര്‍, അതിഥി തൊഴിലാളികള്‍ തുടങ്ങി ആയിരങ്ങള്‍ പങ്കെടുത്തു.
ഉച്ചയ്ക്ക് രണ്ട് മണിക്ക് പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ആരംഭിച്ച ലഹരിവിരുദ്ധ ബഹുജന റാലി മുനിസിപ്പല്‍ സ്റ്റേഡിയത്തിന് മുന്നില്‍ സമാപിച്ചു. ആഭ്യന്തര മന്ത്രി 'തൂഫാന്‍' പതാക ഉയര്‍ത്തി.
പരിപാടിയുടെ ഭാഗമായി ആഭ്യന്തര മന്ത്രി കണ്ടന്തറ ഭായ് കോളനി സന്ദര്‍ശിച്ച് പ്രദേശവാസികളുമായി ആശയവിനിമയം നടത്തി. തുടര്‍ന്ന് അതിഥി തൊഴിലാളികളുമായി മുഖാമുഖം സംഘടിപ്പിച്ചു. പ്രതിനിധികള്‍ക്ക് 'തൂഫാന്‍ വാറിയര്‍' ബാഡ്ജ് സമ്മാനിച്ച മന്ത്രി, ഹിന്ദിയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ജനപ്രതിനിധികളും സംസ്ഥാന പോലീസ് മേധാവിയും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഭായ് കോളനി നിവാസികളുമായും തദ്ദേശവാസികളുമായും കൂടിക്കാഴ്ച നടത്തി.