Dark Mode

സിവില്‍ ഐഡി വിലാസം മാറ്റാന്‍ കൈക്കൂലി: 'പാസി' ജീവനക്കാരന് 5 വര്‍ഷം തടവ്; മൂന്ന് പ്രവാസികളെ ജയില്‍ ശിക്ഷകഴിഞ്ഞ് നാടുകടത്തും

സിവില്‍ ഐഡി വിലാസം മാറ്റാന്‍ കൈക്കൂലി: 'പാസി' ജീവനക്കാരന് 5 വര്‍ഷം തടവ്; മൂന്ന് പ്രവാസികളെ ജയില്‍ ശിക്ഷകഴിഞ്ഞ് നാടുകടത്തും

കുവൈത്ത്‌സിറ്റി: സിവില്‍ ഐഡി (PACI) രേഖകളില്‍ കൃത്രിമം കാണിച്ച് താമസവിലാസം തിരുത്തി നല്‍കി കൈക്കൂലി വാങ്ങിയ കേസില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന് അഞ്ച് വര്‍ഷം കഠിനതടവ്. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥനാണ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.ഒപ്പം, കേസില്‍ ഉള്‍പ്പെട്ട ഒരു ഇടനിലക്കാരനും മൂന്ന് പ്രവാസികള്‍ക്കും മൂന്ന് വര്‍ഷവും നാല് മാസവും വീതം കഠിനതടവും കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ മൂന്ന് പ്രവാസികളെയും കുവൈത്തില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
വ്യാജരേഖ ചമയ്ക്കലും കൈക്കൂലിയും
2022 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. ശിക്ഷിക്കപ്പെട്ട ജീവനക്കാരന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പാസിയുടെ (PACI) ഓട്ടോമേറ്റഡ് സിസ്റ്റത്തില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തുകയായിരുന്നു. പണം വാങ്ങി പ്രവാസികളുടെ താമസ വിലാസങ്ങള്‍ വ്യാജമായി മാറ്റിക്കൊടുത്തതിനാണ് ഇയാള്‍ പിടിയിലായത്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് പണമിടപാടുകള്‍ ഏകോപിപ്പിച്ചതും ജീവനക്കാരന് കൈക്കൂലി എത്തിച്ചു നല്‍കിയതും.

പിഴ ശിക്ഷ
കൈക്കൂലി വാങ്ങിയതോ വാഗ്ദാനം ചെയ്തതോ ആയ തുകയുടെ ഇരട്ടി പിഴ ഈടാക്കണമെന്ന നിയമത്തിലെ (Article 35 of Law No. 31/1970) വ്യവസ്ഥ മുന്‍നിര്‍ത്തിയാണ് കോടതി പിഴ തുക നിശ്ചയിച്ചത്.
പ്രധാന പ്രതി (PACI ജീവനക്കാരന്‍): 5 വര്‍ഷം കഠിനതടവും 340 ദിനാര്‍ പിഴയും.
ഇടനിലക്കാരന്‍: 3 വര്‍ഷവും 4 മാസവും കഠിനതടവും 80 ദിനാര്‍ പിഴയും.
വനിതാ പ്രതി: 3 വര്‍ഷവും 4 മാസവും കഠിനതടവും 80 ദിനാര്‍ പിഴയും.
മറ്റ് രണ്ട് പ്രവാസികള്‍: 3 വര്‍ഷവും 4 മാസവും കഠിനതടവും 130 ദിനാര്‍ വീതം പിഴയും (ഇവര്‍ക്ക് ശിക്ഷയ്ക്ക് ശേഷം നാടുകടത്തലും ഉണ്ടാകും).
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന മറ്റ് 13 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച മൊബൈല്‍ ഫോണും വ്യാജമായി നിര്‍മ്മിച്ച രേഖകളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികള്‍ക്കായി കോടതി നിയോഗിച്ച രണ്ട് അഭിഭാഷകര്‍ക്ക് 50 ദിനാര്‍ വീതം ഫീസും കോടതി നിശ്ചയിച്ചു.