Dark Mode

വരുന്നു ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഐഫോണ്‍;18 പ്രോ,പ്രോ മാക്‌സ് ലോഞ്ച് സെപ്റ്റംബറില്‍

വരുന്നു ആപ്പിളിന്റെ ഫോള്‍ഡബിള്‍ ഐഫോണ്‍;18 പ്രോ,പ്രോ മാക്‌സ് ലോഞ്ച് സെപ്റ്റംബറില്‍
A I Generated IMAGE

ബിസിനസ് ഡെസ്‌ക്: ജൂണ്‍ 30-
ആപ്പിള്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അടുത്ത തലമുറ ഐഫോണ്‍ സീരീസിന്റെ ലോഞ്ച് തീയതി വിവരങ്ങള്‍ പുറത്തുവന്നു.പ്രശസ്ത ധനകാര്യ-മാധ്യമ സ്ഥാപനമായ ബ്ലൂംബെര്‍ഗിലെ (Bloomberg News) അമേരിക്കന്‍ സാങ്കേതികവിദ്യാ മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്ക് ഗുര്‍മാനെ ഉദ്ദരിച്ചുള്ള റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബര്‍ ആദ്യവാരം ലോഞ്ച് നടക്കും.
ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം, ഐഫോണ്‍ 18 പ്രോ (iPhone 18 Pro), ഐഫോണ്‍ 18 പ്രോ മാക്‌സ് (iPhone 18 Pro Max), കൂടാതെ കമ്പനിയുടെ ആദ്യത്തെ മടക്കാവുന്ന ഫോണായ 'ഐഫോണ്‍ അള്‍ട്രാ' (iPhone Ultra) എന്നിവ സെപ്റ്റംബര്‍ ആദ്യവാരം നടക്കുന്ന പ്രത്യേക ചടങ്ങില്‍ ആപ്പിള്‍ അവതരിപ്പിച്ചേക്കും.
സെപ്റ്റംബര്‍ 8 ലോഞ്ച് തീയതിയാകാനാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ കമ്പനി ബുധനാഴ്ചയാണ് ചടങ്ങ് നിശ്ചയിക്കുന്നതെങ്കില്‍ സെപ്റ്റംബര്‍ 9 ആയിരിക്കും പ്രഖ്യാപനം ഉണ്ടാകുക. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി യു.എസിലെ 'ലേബര്‍ ഡേ' അവധിക്ക് ശേഷമുള്ള ആദ്യ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പുതിയ ഐഫോണുകള്‍ അവതരിപ്പിക്കുന്നതാണ് ആപ്പിളിന്റെ പതിവ്. ആ പതിവ് ഇത്തവണയും തുടരുകയാണെങ്കില്‍, പ്രഖ്യാപനം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ യു.എ.ഇ അടക്കമുള്ള രാജ്യങ്ങളില്‍ പ്രീ-ഓര്‍ഡറുകള്‍ ആരംഭിക്കുകയും സെപ്റ്റംബര്‍ പകുതിയോടെ ഫോണുകള്‍ വിപണിയില്‍ ലഭ്യമാകുകയും ചെയ്യും.
ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ 'ഐഫോണ്‍ അള്‍ട്രാ'
ആപ്പിളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ലോഞ്ച് ഇവന്റുകളില്‍ ഒന്നായിരിക്കും. ഐഫോണ്‍ 18 പ്രോ മോഡലുകള്‍ക്കൊപ്പം, വിപണിയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ പോകുന്ന തങ്ങളുടെ ആദ്യത്തെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണായ 'ഐഫോണ്‍ അള്‍ട്രാ'യും ആപ്പിള്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ അതിവേഗം വളരുന്ന ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് ആപ്പിളും ഔദ്യോഗികമായി ചുവടുവെക്കുകയാണ്. ആപ്പിളിന്റെ നിരയിലെ ഏറ്റവും പ്രീമിയം ഫോണായിരിക്കും ഈ ഫോള്‍ഡബിള്‍ മോഡല്‍.

പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകള്‍:
പ്രൊസസ്സര്‍: 2nm പ്രൊസസ്സില്‍ നിര്‍മ്മിച്ച ആപ്പിളിന്റെ അടുത്ത തലമുറ എ20 പ്രോ (A20 Pro) ചിപ്പ്.

ക്യാമറ: മെച്ചപ്പെടുത്തിയ വേരിയബിള്‍-അപ്പേര്‍ച്ചര്‍ ക്യാമറ സിസ്റ്റം.

ഡിസ്‌പ്ലേ: ഡയനാമിക് ഐലന്‍ഡില്‍ (Dynamic Island) വരുത്തുന്ന കൂടുതല്‍ പരിഷ്‌കാരങ്ങള്‍.

ബാറ്ററി: കൂടുതല്‍ മികച്ച ബാറ്ററി ലൈഫ്.

വില വര്‍ദ്ധിച്ചേക്കുമെന്ന് സൂചന
പുതിയ ഫോണുകളുടെ വില എത്രയായിരിക്കും എന്നത് ഇപ്പോഴും വലിയൊരു ചോദ്യചിഹ്നമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI)
ഹാര്‍ഡ് വെയറുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം കാരണം മെമ്മറി ചെലവുകള്‍ ഉയരുന്നത് ഐഫോണുകളുടെ വില വര്‍ദ്ധിക്കാന്‍ കാരണമായേക്കുമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐഫോണ്‍ 18 പ്രോ മോഡലുകള്‍ക്ക് മുന്‍പത്തെ മോഡലുകളേക്കാള്‍ 200 ഡോളര്‍ വരെ വില കൂടിയേക്കാം. എന്നാല്‍ വില സംബന്ധിച്ച കാര്യങ്ങളില്‍ ആപ്പിള്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.
പതിവുപോലെ, വരാനിരിക്കുന്ന ഉല്‍പ്പന്നങ്ങളെക്കുറിച്ച് ആപ്പിള്‍ പൂര്‍ണ്ണ മൗനം പാലിക്കുകയാണ്.